രാജ്യത്തെ ഒരു പൗരനെ പോലും തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കില്ല: ചന്ദ്രശേഖര്‍ ആസാദ്
KKP
01 ഫെബ്രുവരി 2020
തിരുവനന്തപുരം: പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ഒരു പൗരനെ പോലും തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. 'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിനു സമാപനം കുറിച്ച് രാജ്ഭവനു മുമ്പില്‍ നടന്ന പ്രതിഷേധ സംഗമത്തിന് അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രാജ്യം നമ്മുടേതാണ്. ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ കേന്ദ്രത്തില്‍ നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ ആ ധാരണ നാം തിരുത്തണം. ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവ ചെയ്തവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്. രാജ്യം നിയോഗിച്ച കാവല്‍ക്കാരന്‍ യജമാനനോട് ചോദിക്കുകയാണ് നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണോയെന്ന്. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് മോദിയും അമിത് ഷായും മാപ്പ് പറയുന്നകാലം വരെ ഈ പോരാട്ടം തുടരും. രാജ്യത്തിന്റെ പലഭാഗത്തും സഹോദരിമാര്‍ ഷഹീന്‍ബാഗ് തീര്‍ത്തുകൊണ്ടിരിക്കുന്നു. സമരങ്ങളെ ഭയപ്പെടുന്ന സര്‍ക്കാര്‍ പോരാട്ടങ്ങളെ തകര്‍ക്കാനുള്ള അജണ്ടയുമായി മുമ്പോട്ടുവരികയാണ്. ജനങ്ങള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാണ് സര്‍്ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍ ഭരണഘടനയും കോടതിയും നമുക്ക് നല്‍കിയ അവകാശങ്ങള്‍ മുന്‍നിര്‍ത്തി സംയമനം പാലിച്ച് സമരരംഗത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോവാം. ഇന്‍ഷാ അല്ലാഹ് അന്തിമവിജയം നമുക്കാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നു പിന്നോട്ടില്ലെന്നു പറയുന്ന അമിത് ഷാ ജനകീയ പ്രതിഷേധത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ നിയമവുമായി ഓടേണ്ടി വരുമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സുപ്രിം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച, എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, എസ്.പി ഉദയകുമാര്‍, ആന്റി കാസ്റ്റ് ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റ് സുമിത് സാമോസ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് നദ്വി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.എച്ച് അബ്ദുല്‍ ഹാദി, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയി അറയ്ക്കല്‍, എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സിയാദ് കണ്ടല, ഷെമീര്‍ എടവനക്കാട് സംസാരിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡോ. സി എച്ച് അഷറഫ്, അഡ്വ. എ എ റഹീം, കെ പി സുഫീറ, ഭീം ആര്‍മി നേതാക്കളായ കുഷ് അംബേദ്കര്‍ വാദി, ബഹദൂര്‍ അബ്ബാസ് നഖ് വി, നവേദ്കാന്‍, നീതു, മനീഷ് കുമാര്‍ സംബന്ധിച്ചു.