തൃക്കാക്കര ഉപതിരഞ്ഞടുപ്പ് ഫലം: കുടിയൊഴിപ്പിക്കലിനും ധ്രുവീകരണ ശ്രമങ്ങള്‍ക്കുമേറ്റ കനത്ത തിരിച്ചടി - മൂവാറ്റുപുഴ അഷ്റഫ് മൗലവി
SDPI
03 ജൂണ്‍ 2022
തിരുവനന്തപുരം: കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളുടെ പേരിലുള്ള കുടിയൊഴിപ്പിക്കലിനും സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള ഇടതുമുന്നണിയുടെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ തങ്ങള്‍ക്കനുകൂലമാക്കുന്നതിന് തികഞ്ഞ വര്‍ഗീയ അജണ്ടകളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയും പക്ഷപാതപരമായ പെരുമാറ്റത്തിലൂടെയും ധ്രുവീകരണം സാധ്യമാക്കാനായിരുന്നു ഇടതുമുന്നണി ശ്രമം. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന വര്‍ഗീയ പ്രചാരണം സാധൂകരിച്ചും ഏറ്റുപിടിച്ചും ഇടതു മുന്നണി പ്രചാരണം കൊഴുപ്പിച്ചു. ആലപ്പുഴയില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യം മറയാക്കി വ്യാപകമായി അറസ്റ്റും തടവറയുമൊരുക്കി സംഘപരിവാര അനുകൂലികളുടെ പോലും വോട്ട് തട്ടിയെടുക്കാമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വ്യാമോഹം.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ വര്‍ഗീയമായി ഏകീകരിച്ച് കൂടെ നിര്‍ത്താമെന്ന വ്യാമോഹം പൊലിഞ്ഞെന്നു മാത്രമല്ല തങ്ങള്‍ അത്തരം ധ്രുവീകരണത്തിന് കീഴ്പ്പെടില്ലെന്നും സൗഹാര്‍ദ്ദവും മതേതരത്വവും കാത്തുസൂക്ഷിക്കുമെന്നുമുള്ള പ്രഖ്യാപനം കൂടിയാണിത്. ഇടത് സര്‍ക്കാരും സംഘപരിവാരവും മുസ്ലിം-ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുക തന്നെ ചെയ്യുമെന്ന മുന്നറിയിപ്പാണിത്.
തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് നിരന്തരം ലംഘിക്കുന്ന ഇടത് സര്‍ക്കാറിന് ജനങ്ങള്‍ നല്‍കുന്ന താക്കീതാണിത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ ജനങ്ങള്‍ നല്‍കിയ ജനാധിപത്യ മുന്നറിയിപ്പ് തിരിച്ചറിഞ്ഞ് തിരുത്താന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.