കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിക്കുന്നത്് തലമുറയെ അരാഷ്ട്രീയവല്‍ക്കരിക്കും: എസ്.ഡി.പി.ഐ
KKP
26 ഫെബ്രുവരി 2020
തിരുവനന്തപുരം: കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി തലമുറയെ അരാഷ്ട്രീയവല്‍ക്കരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ അഭിപ്രായപ്പെട്ടു. കോളജുകളില്‍ ഘരാവോ, പഠിപ്പുമുടക്ക്, ധര്‍ണ, മാര്‍ച്ച് തുടങ്ങിയവ പൂര്‍ണമായും തടഞ്ഞുകൊണ്ട് വന്ന വിധി പ്രസ്താവം ദൗര്‍ഭാഗ്യകരമാണ്. രാജ്യത്ത് അനീതികള്‍ക്കെതിരേ ശക്തമായ പ്രതിഷേധ ശബ്ദമുയരുന്നത് കാംപസുകളില്‍ നിന്നാണ്. ഇന്നു രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടങ്ങിയത് കാംപസുകളില്‍ നിന്നായിരുന്നു. കാംപസുകളിലെ അവകാശ സമരങ്ങളെ ഇല്ലാതാക്കി അരാഷ്ട്രീയവല്‍ക്കരിക്കുന്നത് ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയായി മാറും. കലാലയ മുതലാളിമാരുടെയും സ്ഥാപിത താല്‍പ്പര്യക്കാരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവകളായി വിദ്യാര്‍ത്ഥികള്‍ മാറും. തിന്മകളോടും അനീതിയോടും സമരസപ്പെടുന്ന കേവലം യന്ത്രങ്ങളെ കലാലയങ്ങളിലൂടെ വാര്‍ത്തെടുക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. വലതുപക്ഷ സ്വാധീനം നീതിന്യായ മേഖലകളെ പോലും ഗ്രസിച്ചിരിക്കുന്നു എന്ന ആശങ്ക ഉയര്‍ത്തുന്നതാണ് കോടതി വിധി. മുതലാളിത്ത താല്‍പ്പര്യമാണ് കലാലയ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധനം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ നിഴലിക്കുന്നത്. കോടതികളില്‍ നിന്ന് അതിന് പച്ചക്കൊടി കാണിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തെ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ പുനസ്ഥാപിക്കുന്നതിന് രംഗത്തുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.