എയര്‍ ഇന്ത്യ ഓഫീസ് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം;
എസ്.ഡി.പി.ഐ
മലപ്പുറം
10 ഒക്ടോബർ 2014
മലപ്പുറം: ജില്ലയിലെ പ്രവാസികള്‍ ഒന്നടങ്കം ആശ്രയിക്കുന്ന എയര്‍ഇന്ത്യ ഓഫീസ് ഇല്ലാത്ത നഷ്ടക്കണക്കിന്റെ പേരു പറഞ്ഞ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്.ഡി.പി.ഐ.ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മറ്റു കേന്ദ്രങ്ങളിലെ നഷ്ടം പരിഹരിക്കാന്‍ മലപ്പുറം ജില്ലയിലെ ഓഫിസ് പൂട്ടുകയെന്നത് ജില്ലയിലെ ലക്ഷക്കണക്കിന് പ്രവാസികളോടുള്ള വെല്ലുവിളിയാണ്. ജില്ലയില്‍ വികസനത്തിന്റെ പെരുമ്പറ കൊട്ടി കാടിളക്കുന്നവര്‍ ജില്ലയില്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ ഓരോന്നായി വിവിധ കാരണങ്ങള്‍ പറഞ്ഞ് നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. നാഴികക്കു നാല്‍പതു വട്ടം വിദേശ യാത്രകള്‍ നടത്തി പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന അധികാര രാഷ്ട്രീയക്കാര്‍ ഉല്‍സവ കാലങ്ങളിലും മറ്റും മലബാറിലെ പ്രവാസികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന വിവേചനത്തിനെതിരെ പാലിക്കുന്ന മൗനം ഇക്കാര്യത്തിലും തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. എസ്.ഡി.പി.ഐ.ജില്ലാ വൈസ്പ്രസിഡന്റ് പി എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, ഖജാന്‍ജി അഡ്വ. സാദിഖ് നടുത്തൊടി, സി ജി ഉണ്ണി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ദാവൂദ്, എം പി മുസ്തഫ, എം ഖമറുദ്ദീന്‍, ആദില്‍ മംഗലം സംസാരിച്ചു.