ആദിവാസികളുടെ നില്‍പ്പ് സമരം പൊതുസമൂഹം ഏറ്റെടുക്കണം
നാസറുദ്ദീന്‍ എളമരം
മലപ്പുറം
10 ഒക്ടോബർ 2014
മലപ്പുറം: തലസ്ഥാനനഗരിയില്‍ ഭൂമിക്കു വേണ്ടി ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരം കേരളീയ പൊതുസമൂഹം ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം. നില്‍പ്പ് സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ.ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു മാസത്തിലേറെയായി ഭരണസിരാ കേന്ദ്രത്തിനു മുമ്പില്‍ ആദിവാസികള്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുകയാണ് കേരളത്തിലെ ഇരു മുന്നണികളും. 57വര്‍ഷമായി സംസ്ഥാനം മാറിമാറി ഭരിക്കുന്ന ഇടതു വലത് മുന്നണികള്‍ ആദിവാസികളെ അക്ഷരാര്‍ത്ഥത്തില്‍ വഞ്ചിച്ചിരിക്കുകയാണ്. 2001ല്‍ ആദിവാസികള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ കുടില്‍കെട്ടി നടത്തിയ സമരം ഒത്തു തീര്‍പ്പാക്കാനായി ആന്റണി സര്‍ക്കാര്‍ ആദിവാസികളെ പറഞ്ഞു പറ്റിക്കുകയായിരുന്നു. ഭരണഘടനയുടെ ശക്തമായ പിന്തുണയുണ്ടായിട്ടും ആദിവാസികളുടെ സ്വയംഭരണവും ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള നിയമങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി ഭരണകൂടങ്ങള്‍ക്കില്ലാത്തതാണ് കാടിന്റെ മക്കളെ വീണ്ടും സമരമുഖത്തെത്തിച്ചിരിക്കുന്നത്. ഭരണഘടനാ വാഗ്ദാനങ്ങള്‍ പാലിക്കേണ്ട സര്‍ക്കാര്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നാക്കം പോകുകയാണ്. ആദിവാസി ക്ഷേമവകുപ്പുകള്‍ക്കു പകരം മാവോയിസ്റ്റുകളെന്നു പറഞ്ഞു ആദിവാസികള്‍ക്കെതിരെ പോലിസ് രാജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും നാസറുദ്ദീന്‍ എളമരം കൂട്ടിച്ചേര്‍ത്തു.
എസ്.ഡി.പി.ഐ.ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, ഖജാന്‍ജി അഡ്വ. സാദിഖ് നടുത്തൊടി, വൈസ്പ്രസിഡന്റുമാരായ പി എം ബഷീര്‍, സി ജി ഉണ്ണി, സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ സംസാരിച്ചു. മാര്‍ച്ചിനും പ്രകടനത്തിനും ടി എം ഷൗക്കത്ത്, പി പി ഷൗക്കത്തലി, ടി സിദ്ദീഖ്, എ ബീരാന്‍കുട്ടി, എം പി ഹംസ, മുസ്തഫ കൗമുദി, എം മന്‍സൂര്‍, ഫൈസല്‍ ആനപ്ര നേതൃത്വം നല്‍കി.