സി.പി.എമ്മും മുസ്‌ലിംലീഗും സയാമീസ് ഇരട്ടകള്‍: ഇ.അബൂബക്കര്‍
മാധ്യമം
28 ഫെബ്രുവരി 2015
നാദാപുരത്ത് മുസ്‌ലിംലീഗിന്റെ ശൗര്യമുഖവും സി.പി.എമ്മിന്റെ ക്രൗര്യമുഖവും നാടിനാപത്താണെന്നും ഇരുപാര്‍ട്ടികളും വര്‍ഗീയതയുടെ കാര്യത്തില്‍ സയാമീസ് ഇരട്ടകളാണെന്നും എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം ഇ.അബൂബക്കര്‍ പറഞ്ഞു. നാദാപുരം നാടിന്റെ നൊമ്പരം എന്ന പേരില്‍ കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ഹിന്ദു-തിയ്യ വര്‍ഗീയതയുടേയും ലീഗിന്റെ മുസ്‌ലിം വര്‍ഗീയതയുടേയും ബാക്കിപത്രം 40 കോടിയുടെ നഷ്ടവും ഒരു ജീവന്‍ നഷ്ടവുമാണ്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സകലതും നഷ്ടപ്പെട്ടു. വീടുകള്‍, കിണറുകള്‍, വീട്ടുപകരണങ്ങള്‍, രേഖകള്‍, വാഹനങ്ങള്‍ തുടങ്ങി നഷ്ടങ്ങളുടെ കണക്ക് ഭീകരമാണ്. ബി.ജെ.പി-സി.പി.എം സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്ന സ്ഥലങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ കാണാറില്ല. കേരളത്തില്‍ സി.പി.എമ്മിന്റെ മൂലധനശേഖരണത്തിന്റെ തൊഴിലാളി വര്‍ഗരീതിയാണ് നാദാപുരത്ത് കണ്ടത്. നാലു മന്ത്രിമാരും അഞ്ച് കാറും അഞ്ച് കൊടിയുമുള്ള മുസ്‌ലിംലീഗിന് സമുദായത്തിന് വേണ്ടി പ്രായോഗികമായി ഒന്നും ചെയ്യാനില്ല എന്ന് നാദാപുരം തെളിയിക്കുമ്പോള്‍ സ്വന്തം പ്രവര്‍ത്തകന്‍ ശുക്കൂറിനെപോലും സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവരുള്ളത്. മുസ്‌ലിംലീഗ് കലാപത്തിന് തിരികൊളുത്തി, സമുദായത്തെ സി.പി.എമ്മിന് നായാട്ടിനുവേണ്ടി വിട്ടുകൊടുക്കുമ്പോള്‍ മറുവശത്ത് തൊഗാഡിയെയും ഘര്‍വാപസിയും കൊണ്ട് ഉമ്മന്‍ചാണ്ടിയെ കേന്ദ്രം 'ക്ഷ' വരപ്പിക്കുന്നു. അധ്യാപകനെ സമാധാനത്തിന്റെ പേരില്‍ ചവിട്ടിക്കൊല്ലുകയും പള്ളി ഇമാമിനെ അക്രമിക്കുകയും മദ്രസ്സകള്‍ തകര്‍ക്കുകയും ചെയ്യുമ്പോള്‍ 'തങ്ങള്‍' മൗനിയാണ്. സമുദായത്തിന് വേണ്ടി ലീഗ് പ്രവര്‍ത്തകര്‍ ഫീല്‍ഡിലിറങ്ങിയാല്‍ ഈ തങ്ങള്‍ കോപിക്കും. ആണിതറച്ച പട്ടികകൊണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ സമാധാനപരമായി അംഗഭംഗം വരുത്തുന്നവര്‍ക്കും കലാപങ്ങളും കൊള്ളയും നടത്തുന്നവര്‍ക്കും സ്റ്റേജ് കുലുക്കി ചന്ദ്രഹാസം മുഴുക്കി പൗരുഷം കാണിക്കുന്നവര്‍ക്കും എസ്.ഡി.പി.ഐ അറുതിവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. 'ശാന്തികൊതിക്കുന്ന നാദാപുരം' എന്ന സി.ഡി. ഒ.അബ്ദുല്ല എ.വാസുവിന് നല്‍കി പ്രകാശനം ചെയ്തു. എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു, എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറി എം.കെ.മനോജ്കുമാര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്.നാസര്‍, ഒ.അബ്ദുല്ല, ബി.എസ്.പി സംസ്ഥാന കണ്‍വീനര്‍ രമേശ് നന്മണ്ട, പി.ഡി.പി സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി കെ.ഇ.അബ്ദുല്ല, മെക്ക സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ഇ. അബ്ദുല്‍ റഷീദ്, സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഫാറൂഖി മുഹമ്മദ്, എം.ഇ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുല്‍ ലത്തീഫ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സി.പി.സലാം നാദാപുരം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കൊമ്മേരി സമ്മേളനപ്രമേയം അവതരിപ്പിച്ചു. വൈകുന്നേരം 4.30ന് അരയിടത്ത് നിന്നാരംഭിച്ച റാലി മുതലക്കുളം മൈതാനിയില്‍ സമാപിച്ചു. റാലിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, സെക്രട്ടറി പി.കെ. ഉസ്മാന്‍, സംസ്ഥാകമ്മിറ്റിയംഗങ്ങളായ വി.ടി. ഇക്‌റാമുല്‍ ഹഖ്, എ.കെ.അബ്ദുല്‍ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.കെ.ഫൈസി, എം.അഹ്മദ് മാസ്റ്റര്‍, സെക്രട്ടറിമാരായ എസ്.നജീബ്, ജലീല്‍ സഖാഫി, ഷുക്കൂര്‍ മാസ്റ്റര്‍, ട്രഷറര്‍ എം.എ.സലീം, ഇസ്മായീല്‍ കമ്മന, സലീം കാരാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.