ഇരുമുന്നണികളുടെയും ഗുണ്ടാവിളയാട്ടം കേരളത്തെ നാണം കെടുത്തി: എസ്ഡിപിഐ
തേജസ്
14 മാര്‍ച്ച് 2015
കോഴിക്കോട്: ബജറ്റ് അവതരിപ്പിക്കാന്‍ കെ.എം മാണിയെ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ ഇടതുമുന്നണിയും അതിനെ മറികടക്കാന്‍ യു.ഡി.എഫും നിയമസഭയില്‍ നടത്തിയ ഗുണ്ടാവിളയാട്ടം സാക്ഷര കേരളത്തെ ലോകത്തിന് മുമ്പാകെ നാം കെടുത്തിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം. അഷ്‌റഫ്. അഭിനയമികവില്‍ ഇരുമുന്നണികളും കമ്പിനുകമ്പായി കത്തിക്കയറുകയായിരുന്നു. നിയമസഭയുടെയും ജനാധിപത്യസംവിധാനത്തിന്റെയും അന്തസ്സുകെടുത്തുന്നതായിരുന്നു ജനാധിപത്യത്തെയും നിയമസഭയെയും അടിച്ചവഹേളിക്കുന്ന ഈ നാടകം കളി. ഈ പ്രാവശ്യം തിരക്കഥയുടെ അവസാനരംഗത്ത് ഒര്‍ജിനാലിറ്റി തൊന്നിപ്പിക്കുന്നതില്‍ ഇരുമന്നണികള്‍ക്കും വിജയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നതാണ് മുന്‍കാലത്തെക്കാളുള്ള വിത്യാസം. കേരളത്തിലെ പൊതുസമൂഹം ഒത്തുകളി തിരിച്ചറിയുന്നുണ്ടെന്നും മുന്നണികള്‍ മനസ്സിലാക്കണം. ബാര്‍കോഴക്കേസില്‍ പ്രതിയായ മാണി രാജിവെക്കണമെന്നുപോലും അവരാവശ്യപ്പെട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം. വാസ്തവത്തില്‍ അവരാവശ്യപ്പെടേണ്ടത് മാണി ബജറ്റ് അവതരിപ്പിക്കരുതെന്നല്ല, മാണി രാജിവെക്കണമെന്നായിരുന്നു. ബജറ്റ് വായിച്ചെന്നുവരുത്തുക മാത്രമാണ് മാണിയും ചെയ്തത്. ഇത്തരം വഴിപാടുബജറ്റുകള്‍ രാജ്യത്തിനു തന്നെ നാണക്കേടാണ്. സാധാരണക്കാരന്റെ മുതുകില്‍ ബജറ്റിലൂടെ മാണി ഏല്‍പ്പിച്ച ഭാരം മറച്ചുപിടിക്കുകയാണ് സത്യത്തില്‍ പ്രതിപക്ഷ നാടകം കൊണ്ടുണ്ടായത്. മാണിയുടെ ജനദ്രോഹ ബജറ്റിനെ തുറന്ന് തുറന്ന് കാണിക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. അവശ്യസാധനങ്ങളുടെയും അവശ്യസര്‍വീസുകളുടെയും വില കുത്തനെ കൂടിയത് പ്രതിഷേധാര്‍ഹമാണ്. പെട്രോള്‍, ഡീസല്‍, വെളിച്ചെണ്ണ, പഞ്ചസാര, അരി, അരി ഉല്‍പ്പനങ്ങള്‍, ഗോതമ്പ്, മൈദ, ആട്ട, സൂചി, റവ എന്നിവയുടെയും മറ്റുനിത്യോപയോഗ വസ്തുക്കളായ പ്ലാസ്റ്റിക് ചൂല്, ബ്രഷ്, മോപ്‌സ്, ഡിസ്‌പോസബിള്‍ പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, ഡിസ്‌പോസ്ബിള്‍ കപ്പുകള്‍, എന്നിവയുടെയും പോലും വിലകൂട്ടുന്ന ജനദ്രോഹബജറ്റാണ് മാണി ചുളുവില്‍ മാര്‍കറ്റ് ചെയ്തതെന്ന കാര്യം ആരും ജനങ്ങളെ അറിയിച്ചതുമില്ല. മന്ത്രി പ്രഖ്യാപിച്ച 25000 കോടി രൂപയുടെ സ്വപ്‌നപദ്ധതി നടപ്പാക്കാനാവില്ല. അതിനു വേണ്ട ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നതിലേക്ക് ബജറ്റ് സൂചന തരുന്നുമില്ല. പാവപ്പെട്ടവര്‍ക്കോ ഇടത്തരക്കാര്‍ക്കോ ബജറ്റില്‍ ഇടം കിട്ടിയിട്ടില്ല. മാത്രമല്ല നിത്യോപയോഗസാധനങ്ങളുടെയും അവശ്യവസ്തുക്കളുടെയും നികുതിഭാരം കൂട്ടി സാധാരണക്കാരെ ദ്രോഹിക്കുക കൂടിയാണ് മാണി ബജറ്റ് ചെയ്യുന്നത് അദ്ദേഹം അഭിപ്രായപ്പെട്ടു.