SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ലേഖനങ്ങൾ

ഹോം » ലേഖനങ്ങൾ

മുസ്‌ലിം സമൂഹം എന്തിനു ഭയക്കണം?

എ സഈദ് (എസ് ഡി പി ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാണ് ലേഖകന്‍)

04-07-2014

ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യം ന്യൂനപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് ജനാധിപത്യം എന്നു പേരു പറയില്ല. ഭൂരിപക്ഷത്തിന് അധികാരം എന്നപോലെത്തന്നെ ജനാധിപത്യത്തില്‍ പ്രാധാന്യമുള്ള മറ്റൊരു വശമാണ് ന്യൂനപക്ഷത്തിന്റെ അവകാശങ്ങളും. രണ്ടു കാലുകളെപ്പോലെ അവ ചേര്‍ന്നുപ്രവര്‍ത്തിച്ചാലേ ഭരണകൂടം ജനങ്ങളുടേതായി മാറൂ. ഭരണകൂടത്തിന്റെ രൂപീകരണത്തിലും പൊതുതാല്‍പ്പര്യങ്ങള്‍ കണ്ടെത്തുന്നതിലും ഭൂരിപക്ഷാഭിപ്രായത്തിനു പ്രസക്തിയുണ്ട്. അതേസമയം, ദുഷ്പ്രഭുത്വത്തിനുള്ള മറ്റൊരു വഴിയായി അതു മാറാതിരിക്കേണ്ടതുമുണ്ട്. പൊതുവോട്ടെടുപ്പിലൂടെ തള്ളിക്കളയാവുന്ന ഒന്നല്ല അവകാശം, അത് ഒരൊറ്റ വ്യക്തിയുടെതാണെങ്കില്‍പ്പോലും. ഭൂരിപക്ഷത്തിന്റെ കൈകളില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമായിരിക്കണമെന്ന കാര്യം ലോകം മുഴുവന്‍ പൊതുതത്ത്വമായി അംഗീകരിച്ചിരിക്കുന്നു. ഭരണപ്രക്രിയയില്‍ അവകാശങ്ങള്‍ക്ക് അതിപ്രധാന പരിഗണനയുണ്ട്. പലപ്പോഴും ലംഘിക്കപ്പെടാറുണ്ടെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയെന്ന ധര്‍മമെങ്കിലും നിര്‍വഹിക്കുന്നുണ്ട് ഈ പൊതുതത്ത്വങ്ങള്‍. അവകാശസമരങ്ങളുടെ വഴി അവിടെ തുറന്നുകിടക്കുകയും ചെയ്യുന്നു. ഈ സമരങ്ങളില്‍ നിര്‍ണായക ശക്തിയാവുന്നത് അധികാരമോ ആള്‍ബലമോ ആയിരിക്കില്ല. ധാര്‍മികശേഷിയാണ് അന്തിമവിധി നല്‍കുക. അവകാശബോധം ദുര്‍ബലനു നല്‍കുന്ന ഇച്ഛാശക്തി മറ്റെന്തിനെയും മറികടക്കും, ഭയത്തിന്റെ മറ പൊളിക്കാന്‍ അവന്‍ തയ്യാറാവണമെന്നു മാത്രം. മുസ്‌ലിംകള്‍ പൊതുവില്‍ ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും പിടിയിലാണെന്ന സത്യം ലോകം മുഴുവന്‍ അംഗീകരിക്കുന്നു. ഈ പ്രവണത ഓരോ ദിവസവും കൂടിവരുകയുമാണ്. മ്യാന്‍മറിലും ശ്രീലങ്കയിലും ഇറാഖിലും അഫ്ഗാനിസ്താനിലും ഫലസ്തീനിലും പാകിസ്താനിലും മാത്രമല്ല, പലയിടത്തും അതുതന്നെയാണു സ്ഥിതി. ഇന്ത്യയിലും അങ്ങനെത്തന്നെ. ഈ ഭയത്തിനു കൂട്ടായതും ശാസ്ത്രീയവുമായ പരിഹാരം തേടാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നു തിരിച്ചറിഞ്ഞ നേതൃത്വം ഇല്ലാതിരിക്കുന്നത് സാധാരണക്കാരന്റെ നില പരുങ്ങലിലാക്കി. ഇപ്പോള്‍ സംഭവിച്ച ഭരണമാറ്റം ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. കൊള്ളയും കൊലയും നിയമവാഴ്ചയുടെ പരിരക്ഷ കിട്ടായ്കയും കാരണം തങ്ങള്‍ ഒറ്റപ്പെട്ടെന്ന തോന്നല്‍ മുസ്‌ലിംകളില്‍ ശക്തമാവുന്നുണ്ട്. അതുകാരണം അവര്‍ക്ക് രാജ്യത്തെ പൊതുസംവിധാനത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കാന്‍ കഴിയാതെ വരുന്നു. സ്വന്തത്തെക്കുറിച്ചു ചിന്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു ഇവിടെ. അങ്ങനെ ചെയ്യുമ്പോള്‍ സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും മുന്‍കാലങ്ങളിലെ അനുഭവങ്ങളുമായി അവയെ താരതമ്യം നടത്തുകയും ചെയ്തില്ലെങ്കില്‍ കൂടുതല്‍ അപകടത്തില്‍ ചാടാം. സ്ഥിതിഗതികള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കി ഫലപ്രദമായ നടപടികളിലേക്കു പ്രവേശിക്കുകയാണു വേണ്ടത്. ഭയത്തിനോ വികാരത്തിനോ അടിമപ്പെടുന്നത് വിപരീത ഫലം ഉണ്ടാക്കുകയാണു ചെയ്യുക. ഭയമോ വികാരമോ അല്ല കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത്. അവയ്‌ക്കെല്ലാമപ്പുറം ചില ജീവിതലക്ഷ്യങ്ങളും മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും തന്നെ കാത്തിരിക്കുന്നുവെന്ന ബോധമാണ് ആ ജോലി നിര്‍വഹിക്കേണ്ടത്. മൂല്യങ്ങള്‍ വ്യക്തികളെ ശക്തരാക്കുന്നു. വിപരീത സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും താന്‍ പിന്തുടരുന്ന വിശ്വാസാദര്‍ശങ്ങള്‍ ഒരാള്‍ക്കു നല്‍കുന്നുണ്ട്. മനുഷ്യസഹജമായ ചെറുത്തുനില്‍പ്പിലൂടെ എതിര്‍ശക്തികള്‍ക്കെതിരേ പിടിച്ചുനില്‍ക്കുകയാണ് അവര്‍ ചെയ്യുക. നിരാശയോ നിസ്സഹായതയോ അവരുടെ ധാര്‍മികശേഷിയെ തളര്‍ത്തുകയില്ല. ആദര്‍ശത്തിന്റെയോ വിശ്വാസത്തിന്റെയോ രൂപത്തില്‍ വ്യക്തികള്‍ക്കുള്ളില്‍ ശക്തിയുടെ ഉറവിടം കുടികൊള്ളുന്നുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം കാര്യമില്ല. അതിനെ തൊട്ടുണര്‍ത്തുകകൂടി വേണം. ഭയത്തെ നീക്കംചെയ്യാനുള്ള കഴിവ് ഒരു വിളക്കുപോലെയാണ്. വീട്ടിനകത്ത് വിളക്കുണ്ട് എന്നതുകൊണ്ടു മാത്രം പ്രകാശം ലഭിക്കുകയില്ലല്ലോ. അതിനു തിരികൊളുത്തുകകൂടി വേണം. അപകടസാധ്യത മനസ്സില്‍ ഇരുള്‍പടര്‍ത്തുന്ന സമയം മനോധൈര്യത്തിന്റെ വിളക്കു കത്തിക്കുകയാണെങ്കില്‍ യാഥാര്‍ഥ്യങ്ങള്‍ കാണാനും ഭയത്തിന്റെ നിരര്‍ഥകത തിരിച്ചറിയാനും കഴിയും. സമൂഹത്തില്‍ ധാര്‍മിക വിപ്ലവങ്ങള്‍ ഉണ്ടാക്കിയതും മൂല്യങ്ങള്‍ നിലനിര്‍ത്തിയതും ഈ വെളിച്ചമായിരുന്നു എന്നതിന് പ്രവാചകന്മാരുടെയും നവോത്ഥാനപ്രവര്‍ത്തകരുടെയും ജീവിതസാക്ഷ്യം നമ്മുടെ മുന്നിലുണ്ട്. അവരുടെ ആന്തരിക വെളിച്ചം അവര്‍ക്കു മാത്രമല്ല, ചുറ്റുമുള്ളവര്‍ക്കു കൂടി ദിശ കാണിക്കുകയും ലക്ഷ്യത്തിലെത്താന്‍ സമൂഹത്തെ പ്രാപ്തമാക്കുകയുമാണല്ലോ ഉണ്ടായത്. മനുഷ്യപുരോഗതിക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളാണ് സ്ഥൈര്യവും ഭയമില്ലായ്മയും. ഭയത്തിന് അടിമപ്പെട്ടിരുന്നെങ്കില്‍ മനുഷ്യന്‍ കടലിലും ആകാശത്തും സഞ്ചരിക്കില്ലായിരുന്നു. ഭൂമി കുഴിച്ച് ഖനിജങ്ങള്‍ പുറത്തെടുക്കില്ലായിരുന്നു. ദുര്‍ബലര്‍ സ്വാതന്ത്ര്യം നേടില്ലായിരുന്നു. അവകാശങ്ങള്‍ പിടിച്ചെടുക്കില്ലായിരുന്നു. ലോകത്തൊരിടത്തും ജനാധിപത്യം ഉണ്ടാവില്ലായിരുന്നു. നവോത്ഥാനം അസാധ്യമാവുമായിരുന്നു. മനുഷ്യനും അവന്റെ വിജയത്തിനുമിടയില്‍ ദൈവമിട്ട പാലമാണ് നിര്‍ഭയത്വം. ജീവിതവിജയത്തിന് ഈ പാലം കടന്നേ പറ്റൂ. ഭയത്തിന് അടിമപ്പെട്ടവര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാതെ മാളത്തിലൊളിക്കുകയാണു ചെയ്യുക. അതുകൊണ്ടുതന്നെ സാമൂഹികമാറ്റം അവരുടെ അജണ്ടയില്‍ സ്ഥലംപിടിക്കുകയില്ല. എതിരാളികളെ അഭിമുഖീകരിക്കാതെ സാമൂഹികമാറ്റം കൈവരുന്നത് എങ്ങനെ? താന്‍ ജീവിക്കുന്ന കാലത്തെ മനുഷ്യധര്‍മം എന്ത് എന്നു മനസ്സിലാക്കി അതിന്റെ വരുംവരായ്കകള്‍ തൂക്കിനോക്കി പ്രവര്‍ത്തനപാതയില്‍ മുന്നോട്ടുപോവുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യുക. പുരോഗതിയുടെ പാതയില്‍ അപകടങ്ങളുണ്ട്. അവ മുഖാമുഖം കാണാന്‍ സന്നദ്ധമല്ലെങ്കില്‍ വികാസം കൈവരിക്കാന്‍ കഴിയില്ല. ഒഴിഞ്ഞുമാറ്റം പരിഹാരമല്ല. വേദനകളും അങ്ങനെത്തന്നെ. അതു മുന്നില്‍ കാണുമ്പോള്‍ വഴിയില്‍ മടങ്ങരുത്. ജീവിതത്തില്‍ ഉത്ഥാനപതനങ്ങള്‍ സാധാരണം മാത്രം. സമാധാനം ആസ്വദിക്കുന്ന മനുഷ്യന്‍ കഷ്ടപ്പാടുകള്‍ക്കു കൂടി തയ്യാറാവേണ്ടതുണ്ട്. സന്തോഷത്തിനു പിറകില്‍ സന്താപം കൂടി വരാനുണ്ട് എന്ന ചിന്ത ഒരാളുടെ മനസ്സിനെ പിടിച്ചുനിര്‍ത്തും. ദാര്‍ശനികര്‍ സന്തോഷത്തില്‍ അമിതമായി ആഹ്ലാദിക്കുകയില്ല. ബുദ്ധിമുട്ടുകളില്‍ നിരാശരാവുകയുമില്ല. അതുകാരണം അവരുടെ മനസ്സ് ജീവിതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സജ്ജമാണ്. അപകടം എത്രതന്നെ വലുതാണെങ്കിലും മനോധൈര്യം അവര്‍ക്കു കൂട്ടിനുണ്ടാവും. സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമായി മുന്നില്‍ വരുന്ന സമയത്ത് ചാഞ്ചല്യമില്ലാതെ അവര്‍ അതിനെ നേരിടും. ജീവിത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുകയാണു വേണ്ടത് എന്ന തത്ത്വം ദാര്‍ശനികര്‍ ഉള്‍ക്കൊള്ളുന്നു. അവയ്ക്കുനേരെ അലസത കൈക്കൊള്ളുകയോ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. അസന്തുലിതത്വം വലുതാവുകയും സമൂഹം കൂടിയതോതില്‍ ഭീകരമാവുകയുമായിരിക്കും അതിന്റെ ഫലം. എന്നാല്‍, അപകടസാധ്യതകള്‍ക്കെതിരേയുള്ള മാനസിക തയ്യാറെടുപ്പ് ചെറുത്തുനില്‍പ്പിന്റെ വഴി സുഗമമാക്കി ഇന്നല്ലെങ്കില്‍ നാളെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുകയാണു ചെയ്യുക. ദാര്‍ശനികതയുടെ ഈ സ്വഭാവഗുണം ഓരോ വ്യക്തിയിലും ഉണ്ടാവണമെന്നതാണ് ദൈവിക താല്‍പ്പര്യം. ചെറുതാവാന്‍ ഒരാള്‍ സ്വയം തയ്യാറില്ലെങ്കില്‍ ഒരാള്‍ക്കും മറ്റൊരാളെ ചെറുതാക്കാന്‍ കഴിയുകയില്ല. തിരിച്ചും അങ്ങനെ തന്നെ. ഉയരാന്‍ ഒരാള്‍ തയ്യാറില്ലെങ്കില്‍ ഒരാള്‍ക്കും അയാളെ ഉയര്‍ത്താനും കഴിയില്ല. ഒരാള്‍ തന്റെ മനസ്സിനു നല്‍കുന്ന നിര്‍ദേശങ്ങളാണ് അയാളില്‍ മാറ്റത്തിന്റെ വിത്തായി പ്രവര്‍ത്തിക്കുക. പ്രതീക്ഷയുടെ നിര്‍ദേശങ്ങള്‍ മനസ്സിനു നല്‍കുക. ഭീതിയുടെ സ്ഥാനത്ത് പ്രതീക്ഷ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ചിത്രം താനേ മാറിവരുന്നതു കാണാം. അതുതന്നെയായിരുന്നു മതങ്ങള്‍ ഏതുകാലത്തും സ്വീകരിച്ച നയം. ഇസ്രായേല്യരുടെ വിമോചനത്തിനു ശബ്ദമുയര്‍ത്തിയ ദൈവദൂതന്‍ മൂസയുടെ ഇടപെടല്‍ ഫറോവയെ പ്രകോപിപ്പിക്കുകയാണല്ലോ ഉണ്ടായത്. അയാള്‍ കടുത്ത നിലപാടുകളിലേക്കു നീങ്ങി. ആദ്യമേ ഭയത്തിന് അടിമപ്പെട്ടവരായിരുന്നു ഇസ്രായേല്യര്‍. മാത്രമല്ല, നിലവിലുള്ള സാമൂഹികാവസ്ഥയോടു സമരസപ്പെട്ടു ജീവിക്കുന്നവരും. അടിമത്തത്തില്‍ അവര്‍ ജീവിതത്തിന്റെ തണല്‍ കണെ്ടത്തി. മൂസയുടെ ഇടപെടല്‍ സ്വസ്ഥതകെടുത്തുന്നതായി അവര്‍ക്കു തോന്നിയിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ മനസ്സറിഞ്ഞ് അദ്ദേഹത്തെ അവര്‍ പിന്തുണച്ചില്ല. ഫറോവയുടെ വര്‍ധിച്ച പ്രതികാരനടപടികള്‍കൂടിയായപ്പോള്‍ അവരുടെ ആത്മവിശ്വാസം തീരേ കുറഞ്ഞു. മൂസക്കെതിരേ ആയുധമായി ചിലര്‍ ആ അവസരം ഉപയോഗിക്കുകയും ചെയ്തു. ഖുര്‍ആന്‍ ആ രംഗം ഇങ്ങനെ അനുസ്മരിക്കുന്നു: ''അവര്‍ പറഞ്ഞു: നീ വരുന്നതിനു മുമ്പും വന്നതിനു ശേഷവും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ്. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ നാഥന്‍ ശത്രുവിനെ നശിപ്പിക്കുകയും ഭൂമിയില്‍ നിങ്ങളെ അധികാരത്തിലേറ്റുകയും ചെയ്യുന്ന സമയമായി. എന്നിട്ട് നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ നിരീക്ഷിക്കും'' (7:129). രക്തം മരവിക്കുന്ന പീഡനങ്ങള്‍ക്കിടയിലും പ്രവാചകനായ മൂസ അവരില്‍ അത്മവിശ്വാസം ഉണ്ടാക്കിയ രീതി ശ്രദ്ധേയമാണ്. ശത്രുവിന്റെ നാശം മാത്രമല്ല അല്ലാഹുവിന്റെ ആ ദൂതന്‍ നല്‍കുന്ന പ്രതീക്ഷ. അവര്‍ക്കുമേല്‍ തങ്ങള്‍ ശാസനാശക്തി നേടുന്നതിന്റെ ചിത്രംകൂടി അവരുടെ മനസ്സില്‍ വരയ്ക്കുകയായിരുന്നു അദ്ദേഹം. അതു ഭാഗികമായെങ്കിലും ഫലംചെയ്‌തെന്നാണു കരുതേണ്ടത്. ചില സമയങ്ങളില്‍ അനുസരണയില്ലായ്മ കാണിച്ചെങ്കിലും പിന്നീടുള്ള നീക്കങ്ങളില്‍ അവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുസ്‌ലിം ലോകമെന്നു പറയാവുന്നത് പ്രവാചകനും അല്‍പ്പം ചില അനുചരന്മാരും മാത്രമായിരുന്ന ആദ്യകാലത്ത് മക്കയില്‍ നടന്ന പീഡനങ്ങള്‍ക്കിടയില്‍ ചിലയാളുകള്‍ പ്രവാചകനു മുന്നില്‍ പരാതിയുമായി എത്തി. അവര്‍ ചോദിച്ചു: ''പ്രവാചകരേ, താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി സഹായംതേടുന്നില്ലേ? ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നില്ലേ?'' കേവലം ഒരു പരാതിയോ പ്രാര്‍ഥനയ്ക്ക് അപേക്ഷയോ അല്ല ഈ ചോദ്യം. അല്ലാഹുവിന്റെ ഇടപെടല്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല? അവനില്‍ വിശ്വസിച്ചതു കാരണം തങ്ങള്‍ ഇത്രയധികം കഷ്ടം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ട്? എന്നെല്ലാം അര്‍ഥമുണ്ട് ഈ ചോദ്യത്തിന്. പ്രവാചകന്‍ പറഞ്ഞു: ''നിങ്ങള്‍ക്കു മുമ്പ് ഇതേ വഴിയില്‍ കൂടുതല്‍ വേദനയനുഭവിച്ചവര്‍ ഉണ്ട്. തലയില്‍ ഈര്‍ച്ചവാള്‍ വച്ച് പൊളിക്കപ്പെട്ടവര്‍. ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് ശരീരത്തില്‍നിന്നു മാംസം വാര്‍ന്നെടുക്കപ്പെട്ടവര്‍. പക്ഷേ, അതൊന്നും അവരെ മതത്തില്‍നിന്ന് അകറ്റിയില്ല. അല്ലാഹു ഈ ദൗത്യം പൂര്‍ത്തിയാക്കും, തീര്‍ച്ച. സ്വന്‍ആ മുതല്‍ ഹദര്‍മൌത്ത് വരെ മനുഷ്യരെ പേടിക്കാതെ യാത്രചെയ്യാവുന്ന നിലയില്‍ സമാധാനം പുലരും. പക്ഷേ, നിങ്ങള്‍ ധൃതികൂട്ടുകയാണ്.'' കച്ചവടയാത്രകളില്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമല്ല അവര്‍ പ്രവാചകന്റെ മുന്നില്‍ അവതരിപ്പിച്ചത്. മറിച്ച്, മതവിരോധം കാരണം തങ്ങളുടെ താമസയിടങ്ങളില്‍ വ്യക്തിപരമായി നേരിടുന്ന ബുദ്ധിമുട്ടുകളായിരുന്നു അദ്ദേഹത്തിനു മുന്നില്‍ അവര്‍ നിരത്തിയത്. അതിന്റെ അടയാളങ്ങള്‍ അവരുടെ ശരീരങ്ങളിലുണ്ടായിരുന്നുതാനും. പക്ഷേ, പ്രവാചകന്റെ സംസാരം എത്തുന്നത് സമൂലമായ സാമൂഹികമാറ്റത്തിലേക്ക്. മതവിരോധത്തിന്റെ പരിഹാരം മതവിരോധമല്ല, സാമൂഹികമാറ്റമാണ് എന്ന് അര്‍ഥം. ദുഷ്ടത തുടച്ചുമാറ്റപ്പെടുകയും ഉച്ചനീചത്വവും അടിച്ചമര്‍ത്തലുകളും അനീതിയും ഇല്ലാതാവുകയും അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുകയും നിര്‍ഭയത്വം തിരിച്ചുവരുകയും ചെയ്യുമെന്ന പ്രതീക്ഷ നല്‍കുകയായിരുന്നു പ്രവാചകന്‍. തന്റെ മുന്നിലെത്തിയ പരാതിക്കാരോട് അദ്ദേഹം ചില മുന്‍കാല അനുഭവങ്ങള്‍ വിവരിക്കുന്നത് അവരെ ഭയപ്പെടുത്താനായിരുന്നില്ല, അവരില്‍ ഔന്നത്യം ഉണ്ടാക്കാനായിരുന്നു. ജീവിതത്തില്‍ തങ്ങളും വലിയൊരു ധര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ് എന്ന തോന്നല്‍ അവരെ ഉയര്‍ത്തി. താന്‍ ലക്ഷ്യമിട്ട സാമൂഹികമാറ്റത്തിന് പ്രവാചകന്‍ അവരെ യോഗ്യരാക്കി. മനസ്സിന്റെ ഉന്നതികളിലാണ് മാറ്റത്തിന് ആവശ്യമായ സ്ഥൈര്യവും നിര്‍ഭയത്വവും കണെ്ടത്താന്‍ കഴിയുക. ''ഒരല്‍പ്പം ഭയം, വിശപ്പ്, സാമ്പത്തികനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം മുതലായവകൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അതില്‍ പിടിച്ചുനില്‍ക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത. ആപദ്ഘട്ടങ്ങളില്‍ അവര്‍ പറയും, ഞങ്ങള്‍ അല്ലാഹുവിനുവേണ്ടി കരുതിവയ്ക്കപ്പെട്ടവരാണ്, അവനിലേക്കു തന്നെ മടങ്ങുന്നവരുമാണ്'' (ഖു 2:155). ഭയം കുറ്റകരമല്ല. അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണു പ്രധാനം. പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഇടയിലാണ് മനുഷ്യജീവിതം. വേദന അനുഭവിക്കുന്നത് മനുഷ്യന്‍ ഇഷ്ടപ്പെടുന്നില്ല. ദാരിദ്ര്യവും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ശക്തിയില്ലായ്മയും അവരെ അലോസരപ്പെടുത്തുന്നു. അതോടൊപ്പം നല്ലതിനെക്കുറിച്ചുള്ള ആഗ്രഹങ്ങള്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഈ വികാരങ്ങള്‍ മനുഷ്യധര്‍മത്തില്‍നിന്നു തന്നെ അകറ്റാതിരിക്കാന്‍ ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതുണ്ട്. അതിര്‍വരമ്പുകളില്ലാത്ത ജീവിതസുഖം സ്വപ്നംകാണുന്നവര്‍ നിരവധിയുണ്ടാവും. ഒന്നു പൂര്‍ത്തിയായാല്‍ മറ്റൊരു ആഗ്രഹം മനുഷ്യനെ സ്വാധീനിക്കുകയായി. അതോടൊപ്പം അവ നഷ്ടപ്പെടുമെന്ന ആശങ്കയും. ചുരുക്കത്തില്‍, ആശകളും ആശങ്കകളും അവനെ നിയന്ത്രിക്കുന്നു. സാമൂഹികപ്രതിബദ്ധതയെ അതു പിറകോട്ടു നയിക്കുന്നു. മോഹങ്ങളുടെ ബന്ധനത്തില്‍നിന്ന് മോചനം നേടിയ വ്യക്തി തന്റെ നിലപാടുകളെ ഇത്തരം താല്‍പ്പര്യങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയില്ല. ഈ മോചനത്തിന്റെ മന്ത്രമാണ് ''ഞങ്ങള്‍ അല്ലാഹുവിന് കരുതിവയ്ക്കപ്പെട്ടവരാണ്; അവനിലേക്കു മടങ്ങുന്നവരുമാണ്'' എന്ന വാക്കുകളില്‍ കുടിയിരിക്കുന്നത്. മനസ്സിന്റെയും ശരീരത്തിന്റെയും ആനന്ദമാണ് ആരുടെയും ലക്ഷ്യം. പക്ഷേ, അതിന് ഒരു പാലം കടക്കാനുണ്ട്. നിര്‍ഭയത്വത്തിന്റെ പാലം. ആ സാഹസികത ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണു വിശ്വാസികള്‍. കഷ്ടതകളെക്കുറിച്ച് പരാതി പറഞ്ഞവരെ സാമൂഹികമാറ്റത്തിലൂടെ നിര്‍ഭയത്വം വരുമെന്ന് പഠിപ്പിക്കുകയായിരുന്നല്ലോ പ്രവാചകന്‍. ഒരാളുടെ ചിന്താമണ്ഡലം സ്വന്തത്തില്‍ ഒതുങ്ങരുത്. അത് സമൂഹത്തിലേക്കു വ്യാപിക്കണം. സ്വന്തം ചുറ്റുപാടിലേക്കു മാത്രമല്ല, കഴിഞ്ഞുപോയതിലേക്കും വരാനിരിക്കുന്നതിലേക്കും ശ്രദ്ധതിരിയണം. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ആവശ്യപ്പെടുമ്പോള്‍ സമരങ്ങളും സംഘര്‍ഷങ്ങളും സ്വാഭാവികമായും ഉണ്ടാവും. മാനുഷികത പ്രത്യക്ഷമാവുന്ന മൈതാനമായി ആ സമരഭൂമി അനുഭവപ്പെടുകയും ചെയ്യും. സ്വാര്‍ഥതയില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് മനുഷ്യമനസ്സ് വികാസംപ്രാപിക്കുക. വിശ്വാസവും ദൈവബോധവും പ്രാര്‍ഥനകളിലൂടെ മനസ്സിലുദിക്കുന്ന ദൈവസാമീപ്യവും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യും. നിസ്വാര്‍ഥതയിലൂടെ ഒരാള്‍ക്ക് നിര്‍ഭയത്വത്തിലേക്കു കടക്കാന്‍ കഴിയുന്നു. നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഒരു വൃക്ഷത്തോട് ഉപമിക്കാം. ഫലം കായ്ക്കുന്ന വൃക്ഷം ആരെയും വേര്‍തിരിച്ചുകാണുന്നില്ല. എല്ലാവര്‍ക്കും അതു ഫലം നല്‍കുന്നു. തന്റെ നിര്‍ണിത ദൗത്യം നിര്‍വഹിക്കുക മാത്രമായിരിക്കും അതിന്റെ ലക്ഷ്യം. ശത്രുവിന്റെ കോടാലിയേറ്റ് പ്രകമ്പനംകൊള്ളുമ്പോഴും അതില്‍നിന്ന് താഴേക്കു വീഴുന്നത് മധുരമുള്ള പഴം തന്നെ. കടപുഴകി നിലത്തുവീണാലും കൈകളില്‍ മധുരക്കനി നീട്ടിയാണല്ലോ അതു കിടക്കുക. ഏത് അവസ്ഥയിലും ദൗത്യം മറക്കാതെ ഉറച്ചുനില്‍ക്കുക എന്ന സന്ദേശം വൃക്ഷം മനുഷ്യനു നല്‍കുന്നു. നിഷ്‌കളങ്കതയും സത്യസന്ധതയും നിര്‍ഭയത്വവും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്ന സ്വഭാവഗുണങ്ങളാണ്. ജീവിതത്തില്‍ സത്യസന്ധതയില്ലെങ്കില്‍ ഉറച്ചുനില്‍പ്പ് അസാധ്യമായിരിക്കും. അവന്‍ എന്തിനെയും പേടിക്കുകയും ചെയ്യും. ഭീരുക്കളില്‍നിന്ന് ധാര്‍മികതയോ വിശ്വാസ്യതയോ ഉറച്ചുനില്‍പ്പോ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഖുര്‍ആന്‍ പറയുന്നതു കാണുക: ''നല്ലൊരു വാക്യത്തെ അല്ലാഹു ഒരു നല്ല വൃക്ഷത്തോട് ഉപമിച്ചത് നീ കണ്ടില്ലേ? അതിന്റെ വേരുകള്‍ അടിയുറച്ചതും ശാഖകള്‍ ആകാശത്തു വിടര്‍ന്നുനില്‍ക്കുന്നതുമാണ്. ഏതു സമയത്തും അതു ഫലം നല്‍കുന്നു, തന്റെ നാഥന്റെ അനുമതിയോടെ. ജനങ്ങള്‍ ചിന്തിക്കാനായി ഇത്തരം മാതൃകകള്‍ അല്ലാഹു അവര്‍ക്കുവേണ്ടി വിന്യസിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഒരു ചീത്ത വാക്യത്തിന്റെ ഉപമ ഭൂമിയില്‍നിന്ന് പിഴുതെറിയപ്പെടുന്ന മുള്‍ച്ചെടിപോലെയാണ്. അതിനു ദൃഢതയില്ല. വിശ്വസിച്ചവരെ അല്ലാഹു ദൃഢമായ ആശയംവഴി ഉറപ്പിച്ചു നിര്‍ത്തും, ഈ ലോകത്തും പരലോകത്തും. അക്രമികളെ അവന്‍ ദിശാബോധം നഷ്ടപ്പെട്ടവരാക്കി മാറ്റുകയും ചെയ്യും. താന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്യുന്നവനാണ് അല്ലാഹു'' (14:2426). സുരക്ഷയ്ക്കുള്ള വഴി അന്വേഷിക്കുമ്പോള്‍ തങ്ങളുടെ ആശയപരമായ അടിത്തറയും അതിന്റെ വിശാലതയും ജനങ്ങള്‍ക്ക് അതു നല്‍കുന്ന പ്രതീക്ഷയും സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രതിഫലനവുമായിരിക്കും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഏതുകാലത്തും പ്രസക്തമാവുക. സ്വന്തം സുരക്ഷയെക്കുറിച്ചു പരാതി പറഞ്ഞവര്‍ക്ക് ചരിത്രബോധവും സാമൂഹികമാറ്റത്തിന്റെ സന്ദേശവും പകര്‍ന്ന പ്രവാചകനെ ഈ അവസരത്തില്‍ നന്ദിപൂര്‍വം സ്മരിക്കുക. അദ്ഭുതപ്പെടുത്തുന്ന പാഠമുണ്ട് അതില്‍. മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ ലോകത്തിന് വെളിച്ചം പകരാന്‍ ഇസ്‌ലാമിന് ഇനിയും കഴിയും. നമുക്കു ചുറ്റുമുള്ള ഇസ്‌ലാമിന്റെ പുറംകാഴ്ചകള്‍ക്ക് അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. കളങ്കമില്ലാത്ത അന്തസ്സത്തയുമായി, അദ്ഭുതപ്രതിഭാസമായി ഖുര്‍ആന്‍ കൈകളിലുള്ളപ്പോള്‍ ആശങ്കപ്പെടാന്‍ എന്തിരിക്കുന്നു? പ്രവാചകന്മാരും ഇതിഹാസ പുരുഷന്മാരും തങ്ങളേക്കാള്‍ കെല്‍പ്പും സ്വാധീനവും ഉള്ളവരോടായിരുന്നു ഏറ്റുമുട്ടിയത്; ആഢ്യത്വവും പ്രൗഢിയും അധികാരവും ജനസ്വാധീനവും ഉള്ളവരോട്. പക്ഷേ, ആ പ്രമാണിമാര്‍ ഓര്‍മകളില്‍ അകന്നുപോയി. ആദര്‍ശസമൂഹത്തിന്റെ സൃഷ്ടിപ്പിനായി ത്യാഗം അനുഭവിച്ചവരെ ലോകം ഇന്നും ഓര്‍ക്കുന്നു, ആദരിക്കുന്നു. ന്യായവും ആശയവ്യക്തതയും ദൈവപിന്തുണയുമായിരുന്നു അവരുടെ കൈമുതല്‍. വിശദാംശങ്ങളില്‍ മാറ്റമുണ്ടാവുമെങ്കിലും, അവര്‍ കാടുവെട്ടിത്തെളിച്ച വഴിതന്നെയാണ് സ്വാതന്ത്ര്യവും നീതിയും അവകാശങ്ങളും ലക്ഷ്യമിടുന്നവര്‍ ഇന്നും സ്വീകരിക്കേണ്ട പാത. സാമൂഹികമാറ്റത്തിന്റെ ഏകവഴി.

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183