കൂടംകുളത്ത് ആണവോര്‍ജ മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ
SDPI
08 ജൂണ്‍ 2019
ന്യൂഡല്‍ഹി: കൂടംകുളത്ത് ആണവോര്‍ജ മാലിന്യം നിക്ഷേപിക്കുന്നതിന് നിക്ഷേപകേന്ദ്രം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ് ലാന്‍ ബാഖവി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സുപ്രിം കോടതി നിര്‍ദ്ദേശത്തെ പോലും മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍മാണവുമായി മുന്നോട്ട് പോവുന്നത്. ആണവോര്‍ജ മാലിന്യം കൈകാര്യം ചെയ്യുന്നതിന് നിലിവിലുള്ള സാങ്കേതിക വിദ്യ അപര്യാപ്തമാണെന്ന് നാഷനല്‍ അറ്റോമിക് കോര്‍പറേഷന്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചതിനെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് ആണവോര്‍ജ മാലിന്യനിക്ഷേപ കേന്ദ്രം കൂടി സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്. ഇത് പ്രകൃതിയെ ഗുരുതരമായി ബാധിക്കും. ജപ്പാനിലെ ഫുക്കുഷിമയില്‍ ഉള്‍പ്പെടെ ആണവോര്‍ജ മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ അപകടം തിരിച്ചറിഞ്ഞിട്ടും പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുന്നതില്‍ നിന്ന് പരിസ്ഥിതിയിലും ജനങ്ങളുടെ സുരക്ഷയിലും സര്‍ക്കാരിന് യാതൊരു താല്‍പ്പര്യമില്ലെന്ന് വ്യക്തമാവുന്നു. കേന്ദ്രസര്‍ക്കാര്‍ കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷയെ പരിഗണിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ദഹ് ലാന്‍ ബാഖവി ആവശ്യപ്പെട്ടു.