SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

മുനവറിനെതിരായ നീക്കം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം
sdpi
29 നവംബർ 2021

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരായ ഫാഷിസ്റ്റ് പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം കൊയ്‌വാള്‍. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'രാജ്യത്ത് നിലനില്‍ക്കുന്നത് നിയമാനുസൃതമായ' അരാജകത്വമാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ മുനവര്‍ ഫാറൂഖിയുടെ കോമഡി ഷോ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് റദ്ദാക്കിയത് തീവ്ര വലതുപക്ഷം സ്‌പോണ്‍സര്‍ ചെയ്യുന്ന അസഹിഷ്ണുതയുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ്. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഇത്തരം പ്രവൃത്തികളിലൂടെ തോല്‍ക്കുന്നത് മനുഷ്യത്വവും വിജയിക്കുന്നത് വെറുപ്പുമാണെന്നും കൊയ്വാള്‍ പറഞ്ഞു.

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നും അതിനാല്‍ ഷോ നടത്താന്‍ അനുവദിക്കില്ലെന്നുമുള്ള ശ്രീരാമ സേന, ഹിന്ദു ജനജാഗ്രതി സമിതി ഉള്‍പ്പെടെയുള്ള വലതുപക്ഷ ഹിന്ദുത്വ ഘടകങ്ങളുടെ ഭീഷണി മൂലമാണ് പോലീസ് ഇടപെടല്‍.

ഇന്‍ഡോറില്‍ നടന്ന ന്യൂ ഇയര്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബിജെപി നേതാവിന്റെ മകന്‍ നല്‍കിയ പരാതിയില്‍ ജയിലിലായ മുനവര്‍ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. വലതുപക്ഷ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ അദ്ദേഹത്തിന്റെ ഒരു ഡസനോളം ഷോകള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ഇനി മുതല്‍ തന്റെ ഷോകള്‍ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുനവര്‍.

വര്‍ത്തമാന ഇന്ത്യയില്‍ ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ന്യൂനപക്ഷങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് മുസ്ലീംകള്‍ക്ക് നേരെ അനീതിയും അക്രമവും അതിക്രമങ്ങളും അഴിച്ചുവിടാനുള്ള എളുപ്പവഴിയായിരിക്കുന്നു. ഫാറൂഖിയുടെ ഷോകള്‍ക്ക് മതവികാരവുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ കോമിക് ദിനചര്യയില്‍ സാമൂഹിക സ്റ്റീരിയോ ടൈപ്പുകള്‍, വ്യാപകമായ വര്‍ഗീയ മനോഭാവങ്ങള്‍, വര്‍ഗീയ അക്രമങ്ങള്‍, ആനുകാലിക രാഷ്ട്രീയം പ്രത്യേകിച്ച് ബിജെപി എന്നിവ ഉള്‍പ്പെടുന്നു. ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഷോകള്‍ വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഇതാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളെ പ്രകോപിപ്പിക്കുന്നത്, മറിച്ച് മതവികാരമല്ല.

രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികള്‍ തങ്ങള്‍ക്കെതിരായ വിമര്‍ശനവും വിയോജിപ്പും സഹിക്കാന്‍ തയ്യാറല്ല. സാധാരണക്കാരോട് ലളിതമായി സംസാരിക്കുന്ന ഫാറൂഖിയെപ്പോലുള്ളവരെ പോലും അവര്‍ ഭയപ്പെടുന്നു. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ മനുഷ്യത്വം തോല്‍ക്കാനും വിദ്വേഷം ജയിക്കാനും അനുവദിക്കരുതെന്നും സീതാറാം കൊയ്‌വാള്‍ ആവശ്യപ്പെട്ടു.