PR Conf_SDPI
SDPI
15 സെപ്റ്റംബർ 2017
തിരുവനന്തപുരം: ഐ.എസു മായി ബന്ധപ്പെട്ട് എന്‍.ഐ.എ യുടെതെന്ന പേരില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ എസ്.ഡി.പി.ഐ യെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഐ.എസുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടവരില്‍ ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന് നിന്നവരോ, പാര്‍ട്ടി വിട്ട് പുറത്ത് പോയവരോ ആണ്. രാജ്യം നേരിടുന്ന ഭീഷണികള്‍ക്ക് ഐ.എസ് ഒരിക്കലും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞവരാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. രാഷ്ട്രീയമായി സംഘടിക്കുകയും ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ ശാക്തീകരിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ഉയര്‍ന്നു വരാനുള്ള സന്ദേശമാണ് എസ്.ഡി.പി.ഐ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ സ്വന്തം പൗരന്‍മാരെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ച് കാണുന്നത് അവസാനിപ്പിക്കുകയും രാജ്യത്ത് എല്ലാവര്‍ക്കും സുരക്ഷ ഉറപ്പ് നല്‍കാന്‍ സാധിക്കുകയുമാണ് പ്രതിലോമ ചിന്തകള്‍ വളരാതിരിക്കാനുള്ള മാര്‍ഗ്ഗം. മോദി സര്‍ക്കാരിന്റെ മുഴുവന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളും ജനങ്ങളെ അസ്വസ്ഥമാക്കുന്നവയാണ്. അതിന് പുറമെ ഏത് നിമിഷവും അതിനിഷ്ഠൂരമായ രീതിയില്‍ കൊല്ലപ്പെടാവുന്ന അവസ്ഥയിലാണ് മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്.
രാജസ്ഥാനില്‍ പെഹ്ലുഖാനെന്ന ക്ഷീരകര്‍ഷകനെ അടിച്ച് കൊല്ലുന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടതാണ്. എന്നിട്ടും പെഹ്ലുഖാന്‍ ചൂണ്ടി കാണിച്ചവര്‍ യദാര്‍ത്ഥ പ്രതികളല്ലെന്ന് പറഞ്ഞ് പോലീസ് കേസ് അവസാനിപ്പിക്കുന്നു. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ റോഹിങ്ക്യരെ നാട് കടത്തുമെന്ന് തീരുമാനിക്കുന്നു. കാരുണ്യമുള്ള ഏതൊരു മനസ്സിലും പ്രതിഷേധാഗ്‌നി കത്തിക്കുന്ന ഇത്തരം കാര്യങ്ങള്‍ വിദേശ അന്വേഷണ ഏജന്‍സികളും വിദേശ തീവ്ര ഗ്രൂപ്പുകളും ഉപയോഗപ്പെടുത്താന്‍ സാധ്യതയേറെയാണ്. അതിന് അവസരം കൊടുക്കുന്ന സര്‍ക്കാരിനും ഐ.എസ് പോലുള്ള ഗ്രൂപ്പുകളുടെ വളര്‍ച്ചയില്‍ ഉത്തരവാദിത്വമുണ്ട്.
ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ശുദ്ധീകരണത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ. പാര്‍ട്ടി നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് ഒരാള്‍ക്കും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനോ ഐ.എസ് പോലുള്ള ദുരൂഹ പ്രസ്ഥാനങ്ങളില്‍ ചേരുവാനോ സാധ്യമല്ല.
ഐ.എസ് ഉണ്ടാക്കുന്ന പ്രതിസന്ധിക്ക് പ്രായോഗിക പരിഹാരമാണ് വേണ്ടത്. ഒരു ജനവിഭാഗത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അപരവല്‍കരിക്കാനും രാഷ്ട്രീയ എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനും ഐ.എസിനെ മറയാക്കുന്നത് പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കാനെ ഉപകരിക്കൂ.
സംഘ്പരിവാര്‍ ഫാഷിസവും, ദാരിദ്ര്യവും രാജ്യം നേരിടുന്ന പ്രധാന ഭീഷണികളാണെന്നും കോര്‍പ്പറേറ്റ് പ്രീണനവും മുതലാളിത്വ വിധേയത്വവും രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്നുവെന്നും തിരിച്ചറിഞ്ഞ് ജനകീയമായി പ്രതിഷേധം തീര്‍ക്കുകയാണ് എസ്.ഡി.പി.ഐ. കോര്‍പ്പറേറ്റുകള്‍ക്ക് വിലക്കെടുക്കാന്‍ കഴിയാത്ത, സംഘ്പരിവാര്‍ ഭീഷണിക്കു മുമ്പില്‍ വിധേയപ്പെടാത്ത രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ എസ്.ഡി.പി.ഐ ക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യത തകര്‍ക്കുവാനാണ് പാര്‍ട്ടിക്കെതിരെ കുപ്രചരണങ്ങള്‍ പടച്ചു വിടുന്നത്.
ഐ.എസ് ബന്ധമാരോപിച്ച് പിടിക്കപ്പെട്ടവര്‍ പോലും എസ്.ഡി.പി.ഐ ക്കെതിരെ നടക്കുന്ന ഗൂഢാലോചനയിലെ പങ്കാളികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ക്രി
സിറിയയില്‍ പോയി രക്തസാക്ഷിയാകലോ ഭീകരപ്രവര്‍ത്തനങ്ങളോ ആണ് ഇന്ത്യന്‍ മുസ്ലിംകളുടെ അതിജീവന മാര്‍ഗ്ഗമെന്ന് ഇന്ത്യയിലെ ഒരു മുസ്ലിം സംഘടനയും അഭിപ്രായപ്പെട്ടിട്ടില്ല. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ചിലരെങ്കിലും ഐ എസില്‍ പോകുന്നുവെന്നത് ഗൗരവമായി കാണേണ്ടതാണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പ്രായോഗിക പരിഹാരമാര്‍ഗ്ഗം അവലംബിക്കുന്നതിന് പകരം കാതടച്ച് വെടിവെക്കുന്നതും ഏതെങ്കിലും സംഘടനകളെ കരിവാരിത്തേക്കാന്‍ വേണ്ടി മാത്രം അതിനെ ഉപയോഗിക്കുന്നതും രാജ്യരക്ഷക്ക് സഹായകമല്ല.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;
പി.അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്)
റോയി അറക്കല്‍ (സംസ്ഥാന സെക്രട്ടറി)
സിയാദ് കണ്ടല (ജില്ലാ പ്രസിഡന്റ്)