SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വേടന്റെ പാട്ടിനെതിരായ അധിക്ഷേപം: ആര്‍എസ്എസ്സിന്റെ വംശവെറി മറനീക്കി പുറത്തുവന്നു- എന്‍ കെ റഷീദ് ഉമരി മധുവിനെ ഉടന്‍ അറസ്റ്റു ചെയ്യണം
kerala_news
14 മെയ്‌ 2025

വേടന്റെ പാട്ടിനെതിരായ അധിക്ഷേപം: 

ആര്‍എസ്എസ്സിന്റെ വംശവെറി മറനീക്കി പുറത്തുവന്നു- എന്‍ കെ റഷീദ് ഉമരി


മധുവിനെ ഉടന്‍ അറസ്റ്റു ചെയ്യണം


തിരുവനന്തപുരം: ജാതിവെറിയ്ക്കും വംശീയതയ്ക്കുമെതിരായ വേടന്റെ പാട്ടിന്റെ രാഷ്ട്രീയത്തിനെതിരേ ആര്‍എസ്എസ് മുഖപത്രത്തിന്റെ പത്രാധിപര്‍ എന്‍ ആര്‍ മധുവിന്റെ പ്രതികരണത്തിലൂടെ അവരുടെ വംശവെറി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. 

ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന, വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന തുടങ്ങിയ വേടനെതിരായ മധുവിന്റെ വിമര്‍ശനങ്ങളെല്ലാം ഏറ്റവും നന്നായി ചേരുന്നത് ആര്‍എസ്എസ്സിനും അവരുടെ ജിഹ്വകള്‍ക്കുമാണെന്ന കാര്യം ഏവര്‍ക്കും ബോധ്യമുള്ളതാണ്. ജീര്‍ണിച്ചു മലീമസമായി സാമൂഹിക വിഭജനത്തിന് അടിത്തറയായി നിലനില്‍ക്കുന്ന വര്‍ണാധിപത്യത്തെ കൃത്യമായി ഇഴകീറി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതാണ് വേടന്റെ പാട്ടുകള്‍. കുടിലമായ വിഭജന രാഷ്ട്രീയം ആദര്‍ശമായി കൊണ്ടുനടക്കുന്നവര്‍ക്ക് അത് എത്രമാത്രം അലോസരം സൃഷ്ടിക്കുന്നു എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതാണ് മധുവിന്റെ വാക്കുകള്‍. സാമൂഹിക ബഹിഷ്‌കരണവും അയിത്തവും അതുവഴിയുള്ള ചൂഷണങ്ങളും എക്കാലത്തും സാമൂഹിക ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന കാന്‍സറാണെന്ന് വേടന്റെ പാട്ടുകള്‍ അടിവരയിടുന്നു. അതുകൊണ്ടുതന്നെ നന്മയും സൗഹാര്‍ദ്ദവും ആഗ്രഹിക്കുന്നവര്‍ വേടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇതില്‍ അസഹിഷ്ണുത കാട്ടുകയല്ല, തിരുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്. വിഷലിപ്തമായ പ്രസ്താവന നടത്താന്‍ മധു തിരഞ്ഞെടുത്തത് ശാന്തിയുടെയും സമാധാനത്തിന്റെ മന്ത്രങ്ങള്‍ ഉരുവിടുന്ന ക്ഷേത്രമാണ് എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ഷവര്‍മ കഴിച്ചു മരിക്കുന്നവരില്‍ മുഹമ്മദും തോമസുമില്ല, ഹിന്ദു മാത്രമേ ഉള്ളൂ എന്ന അയാളുടെ പരിദേവനം ഉള്ളിലെ വിഷത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തുന്നതാണ്. മരണത്തില്‍ പോലും വംശീയതയും ജാതീയതയും കാണുന്ന കുടില മനസ്സുകള്‍ പുരോഗമനം അവകാശപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച് മലയാള നാടിനു തന്നെ അപമാനമാണ്. ഇത്തരം വിഷപാനീയ വിതരണക്കാരെ സമൂഹം ഒറ്റപ്പെടുത്താനും അകറ്റി നിര്‍ത്താനും തയ്യാറാവണമെന്നും വേടന്റെ പാട്ടിന്റെ രാഷ്ട്രീയം യഥാര്‍ഥ ലക്ഷ്യത്തില്‍ തന്നെ തറയ്ക്കുന്ന അമ്പാണെന്ന് തിരിച്ചറിഞ്ഞ് പിന്തുണയ്ക്കാനും നന്മയുള്ള മനസുകള്‍ക്ക് സാധ്യമാകണമെന്നും എന്‍ കെ റഷീദ് ഉമരി പറഞ്ഞു. വംശീയ വിദ്വേഷം നടത്തുന്നവര്‍ക്കെതിരേ സ്വമേധയാ കേസെടുക്കണമെന്ന സുപ്രിം കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇത്തരക്കാര്‍ക്കെതിരേ കേസെടുക്കാന്‍ മടിക്കുന്ന കേരളാ പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. ഈ നിലപാടാണ് ഇത്തരം സാമൂഹിക വിരുദ്ധര്‍ക്ക് വളംവെച്ചുകൊടുക്കുന്നത്. സാമൂഹിക സ്പര്‍ദ്ദയ്ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയ എന്‍ ആര്‍ മധുവിനെതിരേ കേസെടുത്ത് ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.