ഇഡി അഴിമതിയുടെയും രാഷ്ട്രീയ പകപോക്കലിന്റെയും ഏജന്‍സിയായി മാറി: സിഎക്കാരന്റെ വീട്ടില്‍ നിര്‍ണായക രേഖകള്‍ കണ്ടതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണം- സിപിഎ ലത്തീഫ്
kerala_news
19 മെയ് 2025
തിരുവനന്തപുരം: എതിരാളികളെ തളയ്ക്കാനും ഇഷ്ടക്കാരെ സംരക്ഷിക്കാനും കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഇഡി എന്ന കേന്ദ്ര അന്വേഷണ ഏജന്‍സി അഴിമതിയുടെയും രാഷ്ട്രീയ പകപോക്കലിന്റെയും ഏജന്‍സിയായി മാറിയിരിക്കുന്നതായി അനുദിനം തെളിയിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം പ്രതിയായ കേസില്‍ അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഇഡിയുടെ നിര്‍ണായകമായ രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഇഡി ഓഫിസില്‍ നിന്നും അനുമതിയില്ലാതെ പുറത്തുപോവാന്‍ പാടില്ലാത്ത രഹസ്യരേഖകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് അതീവ ഗൗരവതരമാണ്. ഇഡി സമന്‍സ് നല്‍കി വിളിപ്പിച്ച 30 ലേറെ പേരുടെ വിവരങ്ങള്‍ രഞ്ജിത്തിന്റെ ഡയറിയിലുണ്ട്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിത്. ഇഡി ഓഫിസില്‍ നിന്നും നല്‍കുന്ന വിവരങ്ങളും രേഖകളുമാണ് രഞ്ജിത് ഉപയോഗിച്ചിരുന്നത്. കൂടാതെ പണം കിട്ടാവുന്ന ബിസിനസുകാരുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയതായും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പല ബിസിനസുകാര്‍ക്കും സമന്‍സ് അയച്ചതെന്നും വ്യക്തമായതോടെ ഇഡിയിലുള്ള അവിശ്വാസം പൂര്‍ണമായിരിക്കുന്നു. ബിസിനസുകാരെയും ബിജെപിയുടെ വിമര്‍ശകരെയും തകര്‍ക്കാനും ഭയപ്പെടുത്താനും ഇഡി കള്ളക്കേസുകള്‍ ചമയ്ക്കുകയാണെന്ന പൊതുസമൂഹത്തിന്റെ സംശയം ഇപ്പോള്‍ ശരിവെക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
വിദേശ നാണ്യ വിനിമയ ചട്ട പ്രകാരമുള്ള കേസ് ഒതുക്കിതീര്‍ക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ബിജെപിയുടെ കൊടകര കുഴല്‍പ്പണ ഇടപാട് അന്വേഷിച്ച യൂണിറ്റിലെ അംഗമായിരുന്നെന്ന പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പുനരന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. കൊടകര കേസ് ആവിയായപ്പോള്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കോടികള്‍ കള്ളപ്പണമായി ഒഴുക്കിയ കേസില്‍ ബിജെപി സംസ്ഥാന നേതാവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്നെങ്കിലും കേസ് ഇഡി തന്നെ അട്ടിമറിക്കുകയായിരുന്നു. ഇഡിയുടെ ഇടപെടലില്‍ സുപ്രിം കോടതി ഉള്‍പ്പെടെ ചോദ്യശരങ്ങളുയര്‍ത്തിയതോടെ പൊതുസമൂഹത്തിന്റെ സംശയവും ആശങ്കയും ബലപ്പെട്ടിരിക്കുന്നതിനിടെയാണ് പുതിയ അഴിമതിക്കഥകള്‍ പുറത്തുവരുന്നത്. സമാനമായ അഴിമതി കേസില്‍ 2023 ല്‍ തമിഴ്‌നാട്ടിലും ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിരുന്നു.
ബെല്ലാരിയിലെ വിവാദ ഖനി മുതലാളിമാരും കല്‍ക്കരി കുംഭകോണം കേസില്‍ പ്രതിയായ നവീന്‍ ജിന്‍ഡാലും മുന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി പ്രഫുല്‍ പട്ടേലുമുള്‍പ്പെടെ അഴിമതി ആരോപണങ്ങളും സിബിഐ, ഇഡി അന്വേഷണങ്ങളും നേരിടുന്നതിനിടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് നിരവധി ദേശീയ നേതാക്കളുള്‍പ്പെടെ ബിജെപിയിലേക്ക് ചേക്കേറിയതോടെ എല്ലാത്തരം അന്വേഷണങ്ങളും നിയമനടപടികളും നിലച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. എന്‍സിപി നേതാവായിരുന്ന ഛഗന്‍ ഭുജ്ബല്‍ ഇഡി കേസില്‍ ജയിലിലായിരുന്നു. ബിജെപിയുടെ സഖ്യത്തില്‍ ചേര്‍ന്നതോടെ എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെടുകയും മഹാരാഷ്ട്രയില്‍ മന്ത്രിയാകുകയും ചെയ്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇഡിയെ ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്ന രീതി വ്യക്തമാക്കുന്നതാണ്.
ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാന്‍ ഓടി നടക്കുന്ന ഇഡിയുടെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ഇഡിയുടെ നാളിതുവരെ ഇടപെടലുകളെ സംബന്ധിച്ച് സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.