PR Conf_SDPI_എസ്.ഡി.പിഐക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ദുരുദ്ദേശപൂര്‍വ്വം കെട്ടിച്ചമച്ചതാണ്.
SDPI
20 സെപ്റ്റംബർ 2017
കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതായി പുറത്തുവന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ എസ്.ഡി.പിഐക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ദുരുദ്ദേശപൂര്‍വ്വം കെട്ടിച്ചമച്ചതാണ്. ഇന്റലിജന്‍സ് വിഭാഗം ഭരണക്കാരുടെ കെട്ടുകാളയായി കോലംകെട്ടുന്നത് രാജ്യത്തിന് ആപല്‍ക്കരമാണ്.
വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദുരാരോപണം പടച്ചുവിട്ട് പാര്‍ട്ടിയെ കുറിച്ച് വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഢാലോചനയുണ്ട്. റിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഭീഷണിയുണ്ടെന്ന് പരാമര്‍ശിക്കുന്ന ഭാഗത്ത് സി.പി.എമ്മിന്റെ പേര് ഒഴിവാക്കി രാഷ്ട്രീയ എതിരാളികള്‍ എന്ന് മാത്രം പ്രയോഗിച്ചതില്‍ നിന്ന് തന്നെ ഈ ഗൂഢാലോചന വ്യക്തമാണ്. ടി.പി ചന്ദ്രശേഖരന്‍ വധമാണ് മുല്ലപ്പള്ളിക്ക് ഭീഷണിയുണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഭീഷണിപ്പെടുത്തിയോ നേതാക്കളെ അപായപ്പെടുത്തിയോ രാഷ്ട്രീയ വിജയം നേടാമെന്ന് എസ്.ഡി.പിഐ വിചാരിക്കുന്നില്ല. എസ്.ഡി.പിഐക്കെതിരായ ആരോപണത്തിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടാനും നിയമ നടപടിയെടുക്കാനും ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കും.
അധികാരിവര്‍ഗ്ഗത്തിന്റെ കെടുകാര്യസ്ഥതകളെയും ജനവിരുദ്ധ നയങ്ങളെയും ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്താനുള്ള ന്യായീകരണമായി കേരള പോലീസ് ഇന്റലിജന്‍സിന്റ പേരില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ചില തെളിവുകള്‍ അടുത്ത ദിവസം പാര്‍ട്ടി പുറത്തുവിടും.
കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയും ബി.ജെ.പിയുമായി പോലും രഹസ്യധാരണയുണ്ടാക്കുകയും ചെയ്യുന്ന ഇരുമുന്നണികളും കനത്ത രാഷ്ട്രീയ ഭീഷണിയാണ് വേങ്ങരയിലെ വോട്ടര്‍മാരില്‍ നിന്ന് നേരിടാന്‍ പോകുന്നത്. സംഘ് പരിവാറിന്റെ മുഴുവന്‍ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പടുന്ന ഭരണമാണ് പിണറായി വിജയന്റേത്. എല്ലാത്തിനും മൗനസമ്മതം നല്‍കുന്ന കോണ്‍ഗ്രസ്സും മുസ്‌ലിം സമുദായം കേരളത്തില്‍ നേരിടുന്ന ആര്‍.എസ്.എസ് ഭീഷണിക്ക് മുമ്പില്‍ നോക്കുകുത്തിയായി നില്‍ക്കുന്ന ലീഗും പ്രതിപക്ഷ റോള്‍ നിര്‍വ്വഹിക്കുന്നില്ല.
ആര്‍.എസ്.എസ് വിരോധം പ്രസംഗത്തിലും പ്രസ്താവനയിലും മാത്രം ഒതുങ്ങി പോകുന്നതിലെ കാപട്യം മറച്ച് വെക്കുന്നതിനുള്ള വേലകളാണ് ഇരു മുന്നണികളും വേങ്ങരയില്‍ പയറ്റാന്‍ പോകുന്നത്. അതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതിന്റെ തുടക്കമാണിത്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്റെ പേരില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ രംഗത്തുവരികയും ആര്‍.എസ്.എസ് ഭീഷണി നേരിടുന്ന ജയരാജന് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. ഞങ്ങളില്‍ നിന്ന് ഭീഷണിയുണ്ടെന്ന വാര്‍ത്ത ജയരാജന്‍ പോലും വിശ്വസിക്കില്ല. സി.പി.എം, എസ്.ഡി.പിഐ അണികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് കണ്ണൂര്‍ ജില്ലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ഇടവരുത്തുന്ന റിപ്പോര്‍ട്ട് തിരുത്തണം.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;
പി.അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്)
മുസ്തഫ കൊമ്മേരി (കോഴിക്കോട് ജില്ലാ പ്രസിഡന്റ്)
പി.ആര്‍. കൃഷ്ണന്‍കുട്ടി (വയനാട് ജില്ലാ പ്രസിഡന്റ്)