SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR Conf_യോഗ കേന്ദ്രത്തിലെ കൊടും പീഢനം പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക
SDPI
25 സെപ്റ്റംബർ 2017

തിരുവനന്തപുരം: ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത ആയുര്‍വേദ ഡോക്ടറായ യുവതിയെ കൊടും പീഢനത്തിന് വിധേയമാക്കിയ യോഗ സെന്റര്‍ അധികൃതരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൃപ്പൂണിത്തറ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റിനെതിരെ ഡോ. ശ്വേത ഹരിദാസ് കഴിഞ്ഞ 21 ന് പരാതി നല്‍കിയിട്ടും അന്വേഷണത്തിന് പോലീസ് തയ്യാറായില്ല. ഒരു പ്രമുഖ ചാനല്‍ യുവതിയുടെ അഭിമുഖം ഇന്നലെ പുറത്തുവിട്ടതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സംഘ് പരിവാരവുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസ് സ്വീകരിക്കുന്ന മെല്ലപ്പോക്ക് നയത്തിന്റെ തുടര്‍ച്ച തന്നെയാണിത്.
    22 ദിവസത്തോളം യോഗ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെയും ഹൈക്കോടതി അഭിഭാഷകനായ ശ്രീജേഷിന്റെയും കൗണ്‍സിലര്‍മാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നതായി പരാതിയില്‍ പറഞ്ഞിട്ടും കേസെടുത്ത് അന്വേഷണമാരംഭിക്കാന്‍ മൂന്ന് ദിവസം വൈകിയതിന് കേരള ജനതയോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ഈ സംഭവത്തോടുള്ള സമീപനം ഒട്ടും ആശാവാഹമല്ല. ക്രിസ്ത്യന്‍, ഇസ്‌ലാം മതങ്ങളോട് വിദ്വേഷം വളര്‍ത്തുന്ന ക്ലാസ്സുകളാണ് കേന്ദ്രത്തില്‍ നടത്തുന്നത് എന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. 65 ഓളം പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഢനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. കേരളത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത വിധത്തില്‍ കൊടും പീഢനങ്ങള്‍ നടക്കുന്നുവെന്ന് ക്രൂരതക്കിരയായ യുവതി രേഖാമൂലം പരാതിപ്പെട്ടിട്ടും അന്വേഷണമാരംഭിക്കാന്‍ ദിവസങ്ങളെടുത്തത് ഒരിക്കലും നീതികരിക്കാനാവില്ല. കേരള പോലീസിനെ നിയന്ത്രിക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണോ എന്ന് വ്യക്തമാക്കണമെന്നും മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍
1.     പി.അബ്ദുല്‍ മജീദ് ഫൈസി    (സംസ്ഥാന പ്രസിഡന്റ്)
2.    പി.കെ ഉസ്മാന്‍                       (സംസ്ഥാന സെക്രട്ടറി)
3.    അഷ്‌റഫ് പ്രാവചമ്പലം           (ജില്ലാ ജനറല്‍ സെക്രട്ടറി)