ഗോപാല്‍ മേനോന്റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി ഹാദിയയെ സന്ദര്‍ശിക്കണം
SDPI
23 ഒക്ടോബർ 2017
കോഴിക്കോട്: രക്ഷിതാക്കളുടെയും സംഘ് പരിവാര്‍ നേതാക്കളുടെയും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലും വിശ്വസിച്ച മതത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത ഡോ.ഹാദിയയെ മരുന്ന് നല്‍കി മയക്കി കിടത്തിയിരിക്കുകയാണെന്ന ഗോപാല്‍ മേനോന്റെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണമെന്നും ഹാദിയയെ നേരിട്ട് സന്ദര്‍ശിച്ച് നിജസ്ഥിതി അറിയണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു. ഹാദിയയെ കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മ്മാണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം മനസിലാക്കിയതെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്ന് ഹാദിയ തന്നെ പറയുന്ന ഓഡിയോ രാഹുല്‍ ഈശ്വറിന്റെ കൈവശമുണ്ടെന്നും ഗോപാല്‍ മേനോന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹാദിയയുടെ പിതാവ് അശോകനെ പ്രതിക്കൂട്ടിലാക്കുന്നതെന്തോ രാഹുല്‍ ഈശ്വറിന്റെ കൈവശമുള്ളത് കൊണ്ടാണ് പോലീസിനെ ഉപയോഗിച്ച് അദ്ദേഹത്തെ വിരട്ടാനും കേസെടുക്കാനുമുള്ള നീക്കം നടക്കുന്നത്. രാഹുലിന്റെ കൈവശമുള്ള ഓഡിയോ ,വീഡിയോ സി ഡികള്‍ പിടിച്ചെടുത്ത് അന്വേഷണം നടത്തുവാനും പോലീസ് തയ്യാറാകണം. മതപരമായ സ്വാതന്ത്ര്യം വീട്ടില്‍ അനുവദിക്കുമെന്നും രക്ഷിതാവിന്റെ റോള്‍ ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കുമെന്നും സത്യവാങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹാദിയയെ പിതാവിനെ ഏല്‍പ്പിച്ചത്. ഇത് ലംഘിക്കപ്പെടുന്നുവെന്നതിന്റെ നിരവധി സൂചനകള്‍ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ അനങ്ങാപ്പാറ നയം അപലപനീയമാണ്. മുപ്പതോളം പോലീസുകാരുടെ സുരക്ഷ ഒരുക്കിയിട്ടുള്ള വീട്ടിലാണ് ഹാദിയ പീഢനത്തിനരയാകുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതിന് സമാധാനം പറയേണ്ടത് ആഭ്യന്തര വകുപ്പും എല്‍ ഡി എഫുമാണ്. മതസ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറിയ ഹാദിയയുടെ ജീവനോ ആരോഗ്യമോ അപകടത്തിലായാല്‍ കേരളത്തില്‍ ഇടത് പക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന മത നിരപേക്ഷതയുടെയും വര്‍ഗീയ വിരുദ്ധതയുടെയും അവകാശവാദങ്ങള്‍ തകര്‍ന്ന് വീഴും. കേരളത്തിന്റെ മത സൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും തകര്‍ന്ന് കാണാനാഗ്രഹിക്കുന്ന സംഘ് പരിവാര്‍ സംഘങ്ങള്‍ക്കെതിരെ നിയമം പ്രയോഗിക്കാന്‍ മടിച്ച് നില്‍ക്കുന്നത് സി പി എമ്മിന്റെ ആര്‍.എസ്.എസ് വിരോധത്തില്‍ സംശയങ്ങളുയര്‍ത്തുന്നുവെന്നും അജ്മല്‍ ഇസ്മായില്‍ പ്രസ്താവിച്ചു.