PR Conf_മോഹന്‍ഭഗവതിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഭയം: എസ്.ഡി.പി.ഐ
SDPI
25 ഒക്ടോബർ 2017
പാലക്കാട്: ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് മറികടന്ന് ദേശീയ പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന്റേ കൂടി ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇരട്ട ചങ്കന്‍ എന്നറിയപ്പെടുന്ന പിണറായി വിജയന്‍ ആര്‍.എസ്.എസ് ഭീഷണിക്കു മുമ്പില്‍ നിയമം നടപ്പിലാക്കാന്‍ പോലും ഭയപ്പെട്ടു നില്‍ക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
2017 ആഗസ്റ്റ് 15 ന് വടക്കന്‍തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തില്‍ പാലക്കാട് ജില്ലാ കലക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് ലംഘിച്ചാണ് ആര്‍.എസ്.എസ് നേതാവ് ദേശീയ പതാക ഉയര്‍ത്തിയത്. ഇത് പ്രഥമ ദൃഷ്ടിയില്‍ തന്നെ നിയമ ലംഘനമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കാന്‍ പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ ആര്‍.എസ്.എസ് മേധാവിക്കെതിരെ സ്വീകരിച്ച നിയമ നടപടി സംബന്ധിച്ച് വിവരാവാകാശ നിയമപ്രകാരം എസ്.ഡി.പി.ഐക്ക് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ മറുപടിയില്‍ പോലീസിന് നേരിട്ട് നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
നിസ്സാരമായ പല പ്രാദേശിക സംഭവങ്ങളും യു.എ.പി.എ പോലുള്ള കഠിന വകുപ്പുകള്‍ ചേര്‍ത്ത് നിരപരാധികളുടെ ജീവന്‍ കൊണ്ടു പന്താടുന്ന കേരളാ പോലീസ് ദേശീയ പതാകയെ അപമാനിച്ച ആര്‍.എസ്.എസ് മേധാവിക്കെതിരെ മാത്രം കേസെടുക്കാന്‍ മടിച്ചു നില്‍ക്കുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പെരുമ്പാവൂരില്‍ ഒരു സി.പി.ഐ പ്രാദേശിക നേതാവിനെതിരെ ഇതേ കുറ്റത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഒരു ഭരണഘടനാ പദവിയും വഹിക്കാത്ത ആര്‍.എസ്.എസ് മേധാവിക്കെതിരെ നടപടി സ്വീകരിക്കാന്‍ പരിമിതിയെന്തെന്ന് വെളിപ്പെടുത്താന്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;
എം.കെ മനോജ് കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
ഇ.എസ് കാജാഹുസൈന്‍ (സംസ്ഥാന സമിതിയംഗം)
എസ്.പി അമീര്‍അലി (പാലക്കാട് ജില്ലാ പ്രസിഡന്റ്)