PR Conf_SDPI_സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം ആധിപത്യത്തിനു വേണ്ടിയുള്ള കിടമത്സരം
SDPI
17 നവംബർ 2017
കണ്ണൂര്‍: സി.പി.എമ്മും ആര്‍.എസ്.എസ്സും തമ്മില്‍ കേരളത്തില്‍ വിശിഷ്യാ കണ്ണൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങളും കൊലപാതകങ്ങളും രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കിട മത്സരത്തിന്റെ ഭാഗം മാത്രമാണ്. അക്രമങ്ങളും വര്‍ഗ്ഗീയതയും ഉപയോഗപ്പെടുത്തിയല്ലാതെ ആര്‍.എസ്.എസ്സിന് മുന്നോട്ട് പോകാന്‍ സാധ്യമല്ല. പരമത വിദ്വേഷവും, വെറുപ്പിന്റെ രാഷ്ട്രീയവുമാണ് ആര്‍.എസ്.എസ് വളര്‍ച്ചക്ക് വളമായ് ഉപയോഗപ്പെടുത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ടകളെ ജനമധ്യത്തില്‍ തുറന്ന് കാണിക്കുകയും ആര്‍.എസ്.എസ്സിനെതിരെ ജനവികാരം ഉയര്‍ത്തി കൊണ്ടുവരാനും ശ്രമിക്കേണ്ടതിനു പകരം ആര്‍.എസ്.എസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതിലെ വസ്തുതകള്‍ പോലും പരിശോധിക്കാതെ അതിനേക്കാള്‍ ശക്തമായി പ്രചരിപ്പിക്കുന്നതിലും അതു മൂലം ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്ന ധാരണ സമൂഹത്തില്‍ സൃഷ്ടിക്കുന്നതിലും സി.പി.എം പങ്ക് വഹിക്കുന്നു.
ആര്‍.എസ്.എസ് നടത്തി കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സി.പി.എം നേതൃത്വം കൊടുക്കുന്ന കേരള സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് പ്രകടിപ്പിക്കുന്നത്. കാസര്‍ഗോഡ് റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍ എന്നിവരുടെ കൊലപാതകത്തിലെ പ്രതികളോട് കേരള പോലീസ് സ്വീകരിച്ച സമീപനവും, ഹിന്ദു ഐക്യവേദി നേതാക്കളായ ശശികല, ഡോ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ കേസെടുത്തെങ്കിലും തുടര്‍ നടപടിയെടുക്കാന്‍ തയ്യാറാവാത്തതും ആര്‍.എസ്.എസ്സിനെതിരെ സി.പി.എം സ്വീകരിക്കുന്ന നിലപാടിലെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വെളിപ്പെടുത്തുന്നത്.
രാജ്യത്തിന്റെ ബഹുസ്വരതക്കും മതേതരത്വത്തിനും അപടകടമാണ് ആര്‍.എസ്.എസ് എന്ന് സി.പി.എം അംഗീകരിക്കുന്നുവെങ്കില്‍ ആര്‍.എസ്.എസ്സിനെതിരെ രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുകയാണ് സി.പി.എമ്മിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. ആര്‍.എസ്.എസ്സിനെ ചൂണ്ടികാണിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യുന്ന സമീപനം ജനങ്ങള്‍ തിരിച്ചറിയും. മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള ഇരു വിഭാഗത്തിന്റെയും കിടമത്സരം കണ്ണൂരില്‍ നിത്യ സംഘര്‍ഷ പ്രശ്‌നമാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും ബഹുജന്‍ മുന്നേറ്റ യാത്രയുടെ ഭാഗമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ :
തുളസീധരന്‍ പള്ളിക്കല്‍ (ജാഥ ക്യാപ്റ്റന്‍, സംസ്ഥാന വൈസ് പ്രസിഡന്റ്)
പി.അബ്ദുല്‍ ഹമീദ് (ജാഥ അംഗം, സംസ്ഥാന സെക്രട്ടറിയേറ്റംഗം)
ജലീല്‍ നീലാമ്പ്ര (ജാഥ അംഗം, സംസ്ഥാന ട്രഷറര്‍)
പി.ആര്‍ കൃഷ്ണ്ന്‍കുട്ടി (ജാഥ അംഗം, സംസ്ഥാന സമിതിയംഗം)
ബഷീര്‍ കണ്ണാടിപ്പറമ്പ് (ജില്ലാ ജനറല്‍ സെക്രട്ടറി, കണ്ണൂര്‍)