ജനാധിപത്യ സംവിധാനം അപകടത്തില്‍: പി. അബ്ദുല്‍ മജീദ് ഫൈസി
SDPI
17 നവംബർ 2017
കൊല്ലം: മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്നുവെന്ന് പറയുന്ന സി.പി.എം പോലും ജാതിയും മതവും നോക്കി കാര്യങ്ങള്‍ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയത് ജനാധിപത്യ സംവിധാനത്തിന്റെ അപകടത്തെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന തെക്കന്‍ മേഖലാ ജാഥയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിന്റെ ഉദ്ഘാടനം കണ്ണനല്ലൂരില്‍ നിര്‍വഹിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ മജീദ് ഫൈസി. ആഴ്ചകള്‍ക്ക് മുമ്പ് പിന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ ശാന്തിമാരായി നിയമനം നല്‍കിയതിന് സമത്വം ഉണ്ടാക്കാന്‍ വേണ്ടിയാണ് ആര്‍.എസ്.എസ് താല്‍പ്പര്യം മുന്‍നിര്‍ത്തി മുന്നാക്ക സമുദായക്കാര്‍ക്ക് സാമ്പത്തിക സംവരണം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. എസ്.എന്‍.ഡി.പി പ്രതിഷേധം അവസാനിപ്പിക്കാനായി തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കൂടി സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയാണ് ചെയ്തത്.
പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേ സംഘപരിവാരം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുകയാണ് ഇവിടെ സി.പി.എമ്മും കോണ്‍ഗ്രസും. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ നിലപാട് മൂലം സുരേന്ദ്രന്‍ നേരിയ വോട്ടുകള്‍ക്ക് തോറ്റപ്പോള്‍ ഇല്ലാത്ത ആശങ്ക വേങ്ങരയില്‍ എസ്.ഡി.പി.ഐ ക്ക് മൂന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ഈ പാര്‍ട്ടികള്‍ക്ക് തോന്നുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മജീദ് ഫൈസി പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍, ജില്ലാ ഭാരവാഹികളായ എ കെ സലാഹുദ്ദീന്‍, ജോണ്‍സണ്‍ കണ്ടച്ചിറ, റിയാസ് കണ്ണനല്ലൂര്‍, ഷറാഫത്ത് മല്ലം, റസാഖ് അയത്തില്‍, വി ഷാഹുല്‍ ഹമീദ് പങ്കെടുത്തു. ചിന്നക്കട, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം ജാഥ ഭരണിക്കാവില്‍ സമാപിച്ചു.