SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ആര്‍.എസ്.എസ് സവര്‍ണ്ണ ഫാഷിസത്തിന്റെ ദലിത് വേട്ടയില്‍ പ്രതിഷേധിക്കുക: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
SDPI
04 ജനുവരി 2018

കോഴിക്കോട്: ഭീമ കൊരെഗാവ് യുദ്ധ സ്മരണയായ യല്‍ഗാര്‍ പരിഷത്തിനിടക്കും തുടര്‍ന്നും മഹാരാഷ്ട്രയില്‍ ദലിതുകള്‍ക്കെതിരെ നടന്ന സംഘ്പരിവാര്‍ സംഘടനകളുടെ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
യുദ്ധാനുസ്മരണ സ്തൂഭത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയ ദലിതുകള്‍ക്കെതിരെ അഖില്‍ ഭാരതീയ ബ്രാഹ്മണ്‍ മഹാസഭ, രാഷ്ട്രീയ ഏകാത്മത രാഷ്ട്രീയ അഭിയാന്‍, ഹിന്ദു അഘാഡി, ശിവ്രാജ് പ്രത്ഷ്ഠാന്‍ അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് അക്രമണം അഴിച്ചു വിട്ടത്.
ദലിതു സംഘടനകളുടെ അടയാളങ്ങള്‍ പതിച്ച വാഹനങ്ങള്‍ തകര്‍ക്കുകയും ദലിതുകള്‍ക്കെതിരെ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു. കാവിക്കൊടിയേന്തിയും കാവി വസ്ത്രം ധരിച്ചും എത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നരേന്ദ്ര മോഡി അധികാരത്തിലേറിയതിനു ശേഷം ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായുള്ള അക്രമങ്ങള്‍ വ്യാപകമാവുകയാണ്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് മഹാരാഷ്ട്രയില്‍ നടന്നതും. ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം വംശീയ അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ മടിച്ച് നില്‍ക്കുകയാണ്.
ഹിന്ദുത്വ അജണ്ടയുമായി രംഗത്തു വന്ന് ഏകീകരണമെന്ന കുപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന സവര്‍ണ ഭീകരതക്കെതിരേ മര്‍ദ്ദിത ജനവിഭാഗം തിരിച്ചറിവിലൂടെ അതിജീവനത്തിന്റെ രാഷ്ട്രീയ മാര്‍ഗം തേടുന്നുവെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്തിലും മഹാരാഷ്ട്രയിലും കണ്ടു കൊണ്ടിരിക്കുന്നത്. ഇത്തരം മുന്നേറ്റങ്ങളെ തകര്‍ക്കാമെന്നത് സംഘ് പരിവാറിന്റെ വ്യാമോഹം മാത്രമാണ്.
അക്രമത്തിനിരയായ ദലിതുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും ദലിതുകള്‍ക്കെതിരെയുള്ള സംഘ്പരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ടും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിഷേധത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കു ചേരണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.