SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സാമൂഹ്യനീതി അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു: എസ്.ഡി.പി.ഐ
SDPI
10 ജനുവരി 2018

തിരുവനന്തപുരം: സാമൂഹ്യനീതി അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് തന്നെ നേതൃത്വം നല്‍കുകയാണെന്നും സവര്‍ണ്ണ വിധേയത്വത്താല്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പിന്നാക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് പരിധി 6 ലക്ഷത്തില്‍ നിന്ന് 8 ലക്ഷം രൂപയാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വന്‍ നഷ്ടമാണ് സര്‍ക്കാരിന്റെ നിലപാട് കാരണം വരാന്‍ പോകുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉദ്യോഗ സംവരണത്തിലും വിവിധ ആനുകൂല്യങ്ങള്‍ക്കും ഏറെ ഗുണകരമാകുന്ന ഉത്തരവാണ് കേരള സര്‍ക്കാര്‍ പൂഴ്ത്തിയത്.
2017 സെപ്തംബര്‍ 13 നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം മേല്‍ത്തട്ട് പരിധി ആറില്‍ നിന്ന് എട്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കിയത്. 1993 സെപ്തംബര്‍ 8 ന് ഇറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലെ 6ാം കാറ്റഗറിയില്‍ 8 ലക്ഷം രൂപ എന്ന് ചേര്‍ക്കുന്നതായും ഉത്തരവിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അണ്ടര്‍ സെക്രട്ടറി ദേവബ്രത ദാസ് പുറപ്പെടുവിച്ച ഉത്തരവില്‍ 2017 സെപ്തംബര്‍ 1 മുതല്‍ വര്‍ദ്ധനക്ക് പ്രാബല്യമുണ്ടെന്നും വ്യക്തമാക്കുന്നു. ഇത് നടപ്പാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും ഉത്തരവ് നിര്‍ദ്ദേശിക്കുന്നു.
മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, സമാശ്വാസ തൊഴില്‍ ദാന പദ്ധതി തുടങ്ങിയവയ്‌ക്കൊക്കെ മേല്‍ത്തട്ട് പരിധി ബാധകമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശ ചീഫ് സെക്രട്ടറിമാര്‍ക്കും അടിയന്തിര നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് അയച്ച ഈ ഉത്തരവ് കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.
ഒരു പ്രക്ഷോഭങ്ങളുമില്ലാതെ ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക സംവരണം വേണമെന്ന നിലപാട് എടുത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉത്തരവുണ്ടായിട്ടും പിന്നാക്ക ജനവിഭാഗങ്ങളുടെ മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയത് തല്‍ക്കാലം നടപ്പിലാക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ പിന്നാക്ക പട്ടിക വിഭാഗ സംവരണം ഇല്ലാതാക്കുന്ന തീരുമാനം കൈക്കൊണ്ട സര്‍ക്കാരിന്റെ പിന്നാക്ക വിരുദ്ധ നീക്കത്തിന്റെ തുടര്‍ച്ച തന്നെയാണിതും. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിനുമാണ് സംവരണം എന്നിരിക്കെ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പോലുള്ള ഉയര്‍ന്ന പദവികളില്‍ പിന്നാക്കക്കാരന്‍ വരേണ്ടതില്ല എന്ന സവര്‍ണ ജാതി ബോധത്തെ തൃപ്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍. സാമൂഹ്യനീതി അട്ടിമറിക്കുന്ന സര്‍ക്കാരിന്റെ സവര്‍ണ പ്രീണന നയത്തിനെതിരേ പ്രതിപക്ഷവും പ്രത്യേകിച്ച് മുസ്‌ലിം ലീഗും തുടരുന്ന മൗനം ദുരൂഹമാണ്.
ഭരണഘടനാപരമായ സംവരണാവകാശങ്ങള്‍ അട്ടിമറിക്കാന്‍ അധികാരം ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണത്തില്‍ കമ്മീഷന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ബി.എസ് മാവോജിയെ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനവും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്നാക്കദലിത് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ബഹുജന്‍ സമാജിന്റെ യോജിച്ചുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിമാരായ പി.കെ ഉസ്മാന്‍, റോയ് അറക്കല്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.