ശ്രീജീവിന്റെ കസ്റ്റഡി മരണം: കുറ്റക്കാരയ പോലിസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക: എസ്.ഡി.പി.ഐ
SDPI
12 ജനുവരി 2018
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസം മുമ്പ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെയും യാതൊരുവിധ അന്വേഷണവും ആരംഭിക്കാത്തതിലെ ദൂരൂഹത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു. ശ്രീജീവിനെ മര്‍ദ്ദിച്ച് കൊന്ന പാറശാല പോലിസ് സറ്റേഷനിലെ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി വരുന്ന ശ്രീജിവിന്റെ ജേഷ്ഠന്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മെയ് 19ന് പാറശാല പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജീവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് വ്യാജ രേഖ ചമക്കുകയുമായിരുന്നുവെന്ന് പോലിസ് കംപ്ലേന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുറ്റക്കാരായ അന്നത്തെ പാറശാല പോലിസ് സര്‍ക്കിള്‍ ഇന്‍പെക്ടറായിരുന്ന ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഡി. ബിജുകുമാര്‍ എന്നിവര്‍ക്കും മറ്റ് മൂന്നു പോലിസുകാര്‍ക്കുമെതിരേ അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ കാര്യത്തില്‍ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പിന്നീടാണ് 2017 ജൂണ്‍ 9ന് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിറക്കിയിട്ട്് ആറുമാസം കഴിഞ്ഞിട്ടും യാതൊരുവിധ അന്വേഷണവും തുടങ്ങാത്തത് കുറ്റക്കാരായ പ്രതികളുടെ ഉന്നതമായ ഇടപെടല്‍ മൂലമാണെന്നാണ് വ്യക്തമാക്കുന്നത്. പ്രഥമദൃഷ്്ട്യാ കൊലപാതകമാണെന്ന് തെളിഞ്ഞിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റ് നടയില്‍ 763 ദിവസമായി സമരം തുടരുന്നത്. കഴിഞ്ഞ 34 ദിവസമായി നിരാഹാരം സമരവും ആരംഭിച്ചിട്ടുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതുവരെയും സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും ശ്രീജിത്തിനെ സന്ദര്‍ശിക്കാത്തത് ആശങ്കാജനകമാണ്. രണ്ടു മക്കളില്‍ ഒരാളെ നഷ്ടപ്പെട്ട അമ്മക്ക് ശ്രീജിത്തും കൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം, എസ്. സജീവ് പഴകുളം, സൈദലവി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.