കുറ്റിപ്പുറം ആയുധ ശേഖരം അന്വേഷണം ഊര്‍ജിതമാക്കുക.
SDPI
29 ജനുവരി 2018
കോഴിക്കോട്: കുറ്റിപ്പുറം പാലത്തിനിടയില്‍ നിന്ന് സൈന്യം മാത്രം ഉപയോഗിക്കുന്ന വന്‍ ആയുധ ശേഖരം കണ്ടെടുത്തതിനെ കുറിച്ച് മിലിട്ടറി ഇന്റലിജന്‍സിന്റേതടക്കമുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള മിലിട്ടറി ക്യാമ്പിലെ ആയുധങ്ങള്‍ പുറത്തെത്തിയത് ഗുരുതരമായ സംഭവമാണ്. മഹാരാഷ്ട്ര പുല്‍ഗാവിലെ ആയുധ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ചവയാണിവയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഈ സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് 31 ന് സൈനിക മേധവികളടക്കം 19 പേര്‍ മരിച്ച വന്‍ സ്‌ഫോടനമുണ്ടായത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അഞ്ച് ക്ലേമോര്‍ കുഴിബോംബുകളും 500 വെടിയുണ്ടകളും മറ്റുപകരണങ്ങളും കുറ്റിപ്പുറം പാലത്തിനടിയിലെത്തിയതെങ്ങിനെയെന്ന് സൈന്യവും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കണം.
ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന പുഴയോരത്ത് ഇത്രയും മാരകമായ ആയുധ ശേഖരം നിക്ഷേപിച്ചതില്‍ ദുരൂഹതയുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ അക്രമിക്കപ്പെടാനിടയുണ്ടെന്ന പ്രചരണം സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണിത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ അക്രമിക്കുന്നതിന് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരു ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലെ താനൂരിലായിരുന്നു.
കുറ്റിപുറം പാലത്തിനടിയില്‍ നിന്ന് ലഭിച്ച സൈനിക ആയുധങ്ങള്‍ ഏത് സമയത്ത് എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയുന്നതാണെന്നിരിക്കെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നതിനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭയപ്പെടുന്നത് കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യ സുരക്ഷക്ക് ഉപയോഗപ്പെടുത്തേണ്ട ആയുധങ്ങള്‍ പോലും രാജ്യത്ത് സുരക്ഷിതമല്ലെന്നുള്ളത് ഗൗരവപൂര്‍വ്വം കണക്കിലെടുക്കാന്‍ അധികാരികള്‍ തയ്യാറാവണം. താരതമ്യേനെ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്നും പരിശോധിക്കണം. മാലേഗാവിലും സംജോത എക്‌സ്പ്രസിലും മറ്റും സ്‌ഫോടനങ്ങള്‍ നടത്താന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉപയോഗിച്ചത് മിലിട്ടറിയില്‍ നിന്ന് മോഷ്ടിച്ച സ്‌ഫോടക വസ്തുക്കളായിരുന്നുവെന്ന് കണ്ടെത്തിയിരുന്നതാണ്. അതുകൊണ്ടു തന്നെ സൈനികായുധങ്ങള്‍ കുറ്റിപ്പുറത്ത് എത്തിച്ച കരങ്ങളെ കണ്ടെത്തുവാനും അതിന്റെ പിന്നിലുള്ള ഗൂഡാലോചനകള്‍ വെളിച്ചത്ത് വരുവാനും സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണം. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിമാരായ പി.കെ ഉസ്മാന്‍, റോയ് അറക്കല്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.