SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഊതിവീര്‍പ്പിച്ച ബജറ്റ്: എസ്.ഡി.പി.ഐ
SDPI
02 ഫെബ്രുവരി 2018

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ പല അടിസ്ഥാന പ്രശ്‌നങ്ങളെയും സ്പര്‍ശിക്കാത്തതും ഊതിവീര്‍പ്പിച്ചതുമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കോടികളുടെ വാഗ്ദാനങ്ങള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയുടെ ആവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്. ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ അമ്പത് ശതമാനം പോലും നടപ്പാക്കുന്നില്ല. 8 കോടി സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനാണ് പുതിയ കേന്ദ്ര ബജറ്റിലെ ഏറ്റവും ആകര്‍ഷക ഇനമായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച അഞ്ച് കോടി കണക്ഷനുകളില്‍ മൂന്നര കോടി മാത്രമേ നല്‍കിയിട്ടുള്ളുവെന്നത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
ജീവിതച്ചിലവ് വര്‍ധിക്കാന്‍ പ്രധാന കാരണമായ ഇന്ധന വില കുറക്കുന്നതിന് രണ്ട് ബജറ്റിലും പരിഗണന നല്‍കിയില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഒരു ലക്ഷം കോടി രൂപയുടെ പൊതുമുതല്‍ വിറ്റഴിക്കുവാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ തറവാട് വിറ്റഴിക്കുന്ന മുടിയനായ പുത്രനെയാണ് അനുസ്മരിപ്പിക്കുന്നത്. എല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതുന്ന ബി.ജെ.പി സര്‍ക്കാറും കിഫ്ബിയിലൂടെ പലിശക്കടം കൊണ്ട് മാത്രം വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കേരള സര്‍ക്കാരും നാടിനെ പാപ്പറാക്കി കൊണ്ടിരിക്കുകയാണെന്നും മജീദ് ഫൈസി പറഞ്ഞു.
തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് തൊഴിലാളികളെയും വ്യാപാരികളെയും അവഗണിച്ചിരിക്കുകയാണെന്ന് മജീദ് ഫൈസി കുറ്റപ്പെടുത്തി. കടുത്ത സാമ്പത്തികാച്ചടക്കം പാലിക്കേണ്ടി വരുന്ന ഈ വര്‍ഷത്തെ ബജറ്റില്‍ കൊച്ചി മുസ്രിസ്, തലശ്ശേരി പൈതൃക പദ്ധതികള്‍ക്ക് വേണ്ടിയും സ്മാരകങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവക്ക് വേണ്ടിയുമുള്ള വിഹിതം വെട്ടിക്കുറക്കണമെന്നും സൗദിയില്‍ നിന്നും മറ്റും ഏറ്റവുമധികം മലയാളികള്‍ തിരിച്ച് വരുന്ന വര്‍ഷമായതിനാല്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ള നീക്കിയിരുപ്പ് വര്‍ധിപ്പിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.