SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എം എം അക്ബര്‍: വിവേചനത്തിന്റെയും ആര്‍.എസ്.എസ് പ്രീണനത്തിന്റെയും പുതിയ ഇര
SDPI
26 ഫെബ്രുവരി 2018

എം എം അക്ബറും പീസ് സ്‌കൂളും നേരിടുന്ന നിയമനടപടികള്‍ ഭരണകൂട വിവേചനവും പിണറായി സര്‍ക്കാരിന്റെ ആര്‍.എസ്.എസ് പ്രീണനത്തിന്റെ പ്രതിഫലനവുമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. ഊതിവീര്‍പ്പിച്ച ആര്‍.എസ്.എസ് നുണകള്‍ക്കനുസരിച്ചാണ് സര്‍ക്കാരും കേരള വിദ്യാഭ്യാസ വകുപ്പും സഞ്ചരിച്ചത്. മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എം.എം. അക്ബറിനെ പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ ആര്‍.എസ്.എസ് തലവന്‍ അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തികൊണ്ടിരിക്കുന്ന നിയമലംഘനങ്ങള്‍ക്ക് നേരെ ആഭ്യന്തര വകുപ്പ് കണ്ണടക്കുകയും ചെയ്യുന്നു.
കേരളത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ വക്താക്കളായ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നപുംസക നയമാണ് ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ പോലീസിനും ബി.ജെ.പിക്കും അവസരങ്ങളുണ്ടാക്കി കൊടുക്കുന്നത്. പീസ് സ്‌കൂളില്‍ പഠിപ്പിച്ചെന്ന് പറയപ്പെടുന്ന പാഠഭാഗങ്ങള്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്നതാണെന്ന വാദം ദുര്‍വ്യാഖ്യാനമാണ്. അതിനേക്കാള്‍ വ്യക്തമായി ദേശ വിരുദ്ധമെന്ന് ആരോപിക്കാവുന്ന കാര്യങ്ങള്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിനെ കുറിച്ച് പരാതിപ്പെടാനോ നിയമ നടപടിയെടുക്കാനോ രാഷ്ട്രീയ പാര്‍ട്ടികള്‍ താല്‍പ്പര്യപ്പെടുന്നില്ല. പീസ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ  മതപരിവര്‍ത്തനത്തിന്റെ പേരില്‍ നിയമവിരുദ്ധ തടങ്കലും പീഢനവും  നടക്കുന്നുവെന്നതിന് തെളിവുകള്‍ പുറത്ത് വന്നിട്ടും തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ മടിച്ച് നിന്നു.
വോട്ട് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് യു.ഡി.എഫും എല്‍.ഡി.എഫും തീരുമാനങ്ങളെടുക്കുന്നത്. അതിനുവേണ്ടി കുന്തം കിടത്തിയിട്ട് അളക്കുന്നവര്‍ എപ്പോഴും ബി.ജെ.പിക്കനുകൂലവും മുസ്്‌ലിം, ദലിത് വിഭാഗങ്ങള്‍ക്ക് പ്രതികൂലവുമാകുന്നതില്‍ അതിശയമുണ്ട്. പണത്തിനും അധികാരത്തിനും പിന്നില്‍ മാത്രം സഞ്ചരിക്കുകയും അതിന് വേണ്ടി പിന്നാക്കക്കാരെ ബലിയാടാക്കുകയും ചെയ്യുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുസ്്‌ലിം, ദലിത് സമൂഹത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയും സമുദായ ശാക്തീകരണത്തിന് ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ടാര്‍ജറ്റ് ചെയ്ത് തകര്‍ക്കുകയെന്നത് ആര്‍.എസ്.എസിന്റെ അജണ്ടയാണ്. ഇപ്പോള്‍ കേന്ദ്ര ഭരണ സ്വാധീനവും അതിനായി ഉപയോഗിക്കുന്നു.   സാക്കിര്‍ നായികിന്റെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതും പോപുലര്‍ ഫ്രണ്ടിനെതിരെയുള്ള നീക്കങ്ങളും ജിഗ്‌നേഷ് മേവാനി എം.എല്‍.എക്കെതിരെ ഗുജറാത്തില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങളും പീസ് സ്‌കൂളിനെതിരായ നടപടിയും ഈ അജണ്ടയുടെ ഭാഗമാണ്. ഇതിനെ ചെറുത്ത് തോല്‍പിക്കുവാന്‍ ജനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും ജാഗരൂകരായി രംഗത്തിറങ്ങണമെന്നും ഫൈസി അഭ്യര്‍ത്ഥിച്ചു.