കോണ്‍ഗ്രസ് ഷുഹൈബിന്റെ കുടുംബത്തെ വഞ്ചിച്ചു: എസ്.ഡി.പി.ഐ
SDPI
26 ഫെബ്രുവരി 2018
കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ഘാതകരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം ആവശ്യം അംഗീകരിക്കാതെ അവസാനിപ്പിച്ചതിലൂടെ ഷുഹൈബിന്റെ കുടുംബത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഏത് അന്വേഷണവും അംഗീകരിക്കാമെന്ന് സമ്മതിച്ച് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയും ശേഷം അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിക്കുകയും ചെയ്തത് താല്‍ക്കാലിക രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സമരത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സന്ദര്‍ഭത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് അക്രമ രാഷ്ട്രീയത്തിനെതിരേ ജനരോഷം ഉയര്‍ത്തിക്കൊണ്ടു വരേണ്ടതിന് പകരം സമരം അവസാനിപ്പിച്ചത് ആരെ രക്ഷപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നതെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ എം.കെ. മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി.കെ. ഉസ്മാന്‍, അംഗങ്ങളായ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.കെ. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.