ത്രിപുര: സിപിഎം പ്രത്യയശാസ്ത്ര പിടിവാശി ഉപേക്ഷിക്കണം. എസ്.ഡി.പി.ഐ
SDPI
03 മാര്‍ച്ച് 2018
കോഴിക്കോട്: ത്രിപുരയിലുണ്ടായ വന്‍ തിരിച്ചടിയുടെയും ബിജെപി മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില്‍ പ്രത്യയശാസ്ത്ര പിടിവാശികളെ കുറിച്ച് പുനരാലോചനക്ക് സിപിഎം തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. ശക്തമായ പ്രതിപക്ഷം പോലുമില്ലാതെ ഇരുപത്തിയഞ്ച് വര്‍ഷം ഭരണം നടത്തിയ സി പി എം രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നുവെന്നാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. പൂജ്യത്തില്‍ നിന്ന് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച ബിജെപിയുടെ വളര്‍ച്ചക്ക് സിപിഎം മറുപടി പറയേണ്ടതുണ്ട്. ഫാഷിസത്തെ പിടിച്ചുകെട്ടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ലാതെ ബദലില്ലെന്ന സിപിഎമ്മിന്റെ അവകാശ വാദമാണ് ഇതോടെ പൊളിഞ്ഞ് വീണിരിക്കുന്നത്.
കോണ്‍ഗ്രസിനെ പോലെ സി പി എമ്മും ബിജെപിയുടെ കുതിരയോട്ടത്തെ ചെറുക്കാന്‍ സാധിക്കാത്ത വിധം ദുര്‍ബ്ബലമാകുന്നത് അത്യന്തം അപകടകരമായ കാഴ്ചയാണ്. ഇത് ഏതാനും നാളുകള്‍ കൊണ്ട് സംഭവിച്ച ഒരപചയമല്ല. സാധാരണക്കാരുടെയും പിന്നാക്ക ജനതയുടെയും വികാരങ്ങളെ പരിഗണിക്കാന്‍ സന്മനസ്സ് കാണിക്കാത്ത പാര്‍ട്ടികളെ ജനങ്ങള്‍ കയ്യൊഴിയുമെന്ന കാര്യം തീര്‍ച്ചയാണ്.
വോട്ട് രാഷ്ട്രീയത്തിന് വേണ്ടി ജാതി മത വിഭാഗങ്ങളെ മാറി മാറി പ്രണയിക്കുകയല്ലാതെ വര്‍ഗ്ഗീയ ഫാഷിസത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നതിനുള്ള ഒരു അജണ്ടയും സിപിഎമ്മിനോ കോണ്‍ഗ്രസിനോ ഇല്ല. ബാലിശമായ പ്രത്യയശാസ്ത്ര വാദങ്ങളുയര്‍ത്തി മതേതര പാര്‍ട്ടികളുടെ ഐക്യത്തെയും ഇരകളുടെ സഹകരണത്തെയും തള്ളി കളയുന്ന സി പി എമ്മിന് ത്രിപുര ഒരു പാഠമാണെന്നും മജീദ് ഫൈസി പറഞ്ഞു.