ഇന്ധന വില വര്‍ധന: റോഡ് നിശ്ചലമാക്കല്‍ സമരത്തെ പിന്തുണയ്ക്കുക: എസ്.ഡി.പി.ഐ
SDPI
03 മാര്‍ച്ച് 2018
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ നാളെ (മാര്‍ച്ച് 5 തിങ്കളാഴ്ച) സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന റോഡ് നിശ്ചലമാക്കല്‍ സമരത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. രാവിലെ 9.30 മുതല്‍ 9.40 വരെ പത്ത് മിനിട്ട് സമയം വാഹനങ്ങളെല്ലാം റോഡില്‍ നിശ്ചലമാക്കിയിട്ടുള്ള പ്രതിഷേധത്തിനാണ് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്.
പെട്രോള്‍, ഡീസല്‍ വില നിര്‍ണ്ണയാധികാരം ഓയില്‍ കമ്പനികളില്‍ നിന്ന് തിരിച്ച് പിടിക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
പെട്രോളിനും ഡീസലിനും ഇപ്പോള്‍ നാം നല്‍കി കൊണ്ടിരിക്കുന്ന വിലയില്‍ പകുതിയോളം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയാണ്. ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ 21 രൂപ 48 പൈസ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയായും 17 രൂപ 24 പൈസ സംസ്ഥാന സര്‍ക്കാറും പിടിച്ച് വാങ്ങുന്നു. ഇത് പിടിച്ച് പറിയും ഭീകരമായ കൊള്ളയുമാണ്. വില വര്‍ധനവ് അസഹ്യമായി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഈ നികുതിയില്‍ ചെറിയൊരിളവ് വരുത്താന്‍ പോലും സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ജനപക്ഷമല്ലാത്ത ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ ജന രോഷമാണ് എസ്ഡിപിഐ സംഘടിപ്പിച്ചിട്ടുള്ള വേറിട്ട റോഡ് നിശ്ചലമാക്കല്‍ സമരം.
ഇന്ധന വിലയിലെ നികുതി കുറച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്നാവശ്യപ്പെട്ടുള്ള ഈ സമരം ജന നന്മക്ക് വേണ്ടിയുള്ളതാണ്. സര്‍ക്കാരുകളുടെ കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണ്. എല്ലാ സഹൃദയരുടെയും പിന്തുണയും സഹകരണവും കൊണ്ട് മാത്രമേ ഇത് വിജയിപ്പിക്കാനാകൂ. എല്ലാവരും സ്വയം സന്നദ്ധരായി ഈ സമരത്തില്‍ പങ്കാളികളാകണമെന്നും ഇതൊരു വമ്പിച്ച ജനകീയ പ്രതിഷേധമാക്കി മാറ്റണമെന്നും അജ്മല്‍ ഇസ്മായില്‍ അഭ്യര്‍ഥിച്ചു.