ഹാദിയ കേസ്: പ്രതിഷേധങ്ങള്‍ ന്യായമായിരുന്നുവെന്ന് തെളിഞ്ഞു-അബ്ദുല്‍ മജീദ് ഫൈസി
SDPI
08 മാര്‍ച്ച് 2018
ഹാദിയ-ഷെഫിന്‍ വിവാഹം അസാധുവാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന സുപ്രീം കോടതി വിധിയോടെ, ഇക്കാര്യത്തിലുണ്ടായ പ്രതിഷേധങ്ങളുടെയെല്ലാം ന്യായം തെളിഞ്ഞിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. ഉത്തരവാദപ്പെട്ട ഹൈക്കോടതി ജഡ്ജിമാര്‍ പോലും ബാഹ്യ സ്വാധീനങ്ങള്‍ക്ക് വിധേയരായി പൗരസ്വാതന്ത്ര്യം തടയുന്ന വിധികള്‍ പുറപ്പെടുവിക്കുന്നു എന്നതിലേക്കും ഹാദിയ കേസ് സൂചന നല്‍കുന്നു.
ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി മാര്‍ച്ചടക്കം ഹാദിയക്ക് നീതി തേടി വിവിധ സംഘടനകളും വ്യക്തികളും നടത്തിയ പ്രതിഷേധ പരിപാടികളുടെ പേരില്‍ പോലീസ് ചാര്‍ജ് ചെയ്ത മുഴുവന്‍ കേസുകളും കേരള സര്‍ക്കാര്‍ പിന്‍വലിക്കണം. ഹൈക്കോടതി വിധിയുടെ മറവില്‍ തടങ്കല്‍ പാളയത്തിലെന്ന പോലെ സ്വന്തം വീട്ടില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഹാദിയയെ വിധേയമാക്കുന്നതിന് നോക്കുകുത്തിയായി നിന്ന പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും ഹാദിയയോടും പൊതു സമൂഹത്തോടും മാപ്പ് പറയാന്‍ തയ്യാറാവണം. സംഘ് പരിവാര്‍ കേന്ദ്രങ്ങളുടെ കുത്സിത നീക്കങ്ങള്‍ക്ക് നേരെ സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ അനുവര്‍ത്തിക്കുന്ന ഉദാസീന നയമാണ് ഹാദിയയെ പോലെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നവര്‍ മാത്രം ഇരകളാക്കപ്പെടുന്നതിന് കാരണമാകുന്നത്.
ഭരണഘടനാ മൂല്യങ്ങളെ മാനിക്കുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഇടപെടലാണ് വൈകിയാണെങ്കിലും പരമോന്നത കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഹാദിയക്കൊപ്പം നിലകൊണ്ട വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പാര്‍ട്ടി അഭിനന്ദിക്കുന്നതായും മജീദ് ഫൈസി പറഞ്ഞു.