തൊഴിലുകളെല്ലാം താല്‍കാലികമാക്കുന്ന ഉത്തരവ് പിന്‍വലിക്കണം : എസ്.ഡി.പി.ഐ
SDPI
22 മാര്‍ച്ച് 2018
തിരുവനന്തപുരം : എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിലാളികളെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. തൊഴിലാളികളെ അരക്ഷിതരാക്കി മാറ്റുന്ന ഈ ഉത്തരവ് മോദി സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്തിന്റെ പുതിയ ഉദാഹരണമാണ്. നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ഈ ഇളവ് അനുവദിച്ച് കൊണ്ടുള്ള ഭേദഗതി നരേന്ദ്ര മോദി അധികാരത്തിലേറിയ ഉടനെ നടപ്പാക്കിയിരുന്നു. നൂറിന്റെ പരിധിയും എടുത്ത് മാറ്റിയത് ആയിരക്കണക്കിന് തൊഴിലാളികളുള്ള വന്‍ വ്യവസായ ഭീമന്മാരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് വേണ്ടി വ്യവസായികളില്‍ നിന്ന് കൈപറ്റുന്ന കോടികള്‍ക്ക് വേണ്ടിയാണ് ബി.ജെ.പി പാവപ്പെട്ട തൊഴിലാളികളെ ബലിയാടാക്കുന്നത്.
കരാര്‍ തൊഴിലാളികളെയും താല്‍ക്കാലിക തൊഴിലാളികളെയും നിയമിക്കാനും ഇഷ്ടമുള്ളപ്പോഴൊക്കെ പിരിച്ച് വിടാനുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തൊഴിലുടമകള്‍ക്ക് നിരുപാധികം ലഭിക്കുന്നതോടെ തൊഴിലാളികള്‍ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിക്കുന്നതിന്റെ സാധ്യത തന്നെ ഇല്ലാതാകുകയാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ പോലും നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങളും അവകാശങ്ങളുമാണ് ബിജെപി അധികാരത്തില്‍ വന്നതോടെ ഒരോന്നോരോന്നായി ഇല്ലാഴ്മ ചെയ്യുന്നത്.
മുതലാളിമാര്‍ക്ക് വേണ്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധ സമരത്തിന് തൊഴിലാളി സംഘടനകള്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.