SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍: ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ജനവഞ്ചനയ്‌ക്കെതിരെ എസ്.ഡി.പി.ഐ കാംപയിന്‍
SDPI
27 മാര്‍ച്ച് 2018

കൊച്ചി-മംഗലാപുരം ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ജനവഞ്ചനയുടെയും കള്ളപ്രചരണത്തിന്റെയും വൃത്തികെട്ട അവസാനത്തെ ഉദാഹരണമാണ്. ജനിച്ച മണ്ണില്‍ സ്വസ്ഥമായി ജീവിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടിയുള്ള ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും സമരങ്ങളെ ഹൈജാക്ക് ചെയ്തും ഗെയ്‌ലിന് സുഗമമായി മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് യു.ഡി.എഫും എല്‍.ഡി.എഫും ചെയ്തത്. യു.ഡി.എഫിന്റെ ഭരണകാലത്ത് ഗെയ്‌ലിനെതിരെയുള്ള പ്രചാരണങ്ങളില്‍ പങ്കെടുത്ത പല എല്‍.ഡി.എഫ് ജനപ്രതിനിധികളും പിന്നീട് ഗെയ്ല്‍ പക്ഷവാദികളായി മാറി. മുക്കത്തും മലപ്പുറത്തും ഗെയ്ല്‍ സമരത്തിന്റെ നേതൃത്വമേറ്റെടുത്ത യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും നേതാക്കളും സമരത്തെ സ്വാംശീകരിച്ച് ഇല്ലാതാക്കുകയായിരുന്നു. വളരെയധികം അപകട സാധ്യതയുള്ള വാതക പൈപ്പ് സ്ഥാപിക്കുന്നതിന് ജനവാസ മേഖലകളൊഴിവാക്കണമെന്ന ഉറച്ച നിലപാടെടുക്കാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല. മലപ്പുറത്തെ ലീഗ് കുടുംബങ്ങളും ലീഗനുഭാവികളും തിങ്ങി താമസിക്കുന്ന പ്രദേശങ്ങളിലൂടെയാണ് ഈ വാതക ബോംബ് വരാന്‍ പോകുന്നതെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോഴും ഗെയ്‌ലിന് പച്ച പരവതാനി വിരിച്ചുകൊടുത്തത്. 
2007 ല്‍ വി എസ് മന്ത്രിസഭയിലെ വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ഗെയ്ല്‍ പദ്ധതിയുടെ കരാര്‍ ഒപ്പിട്ടതെങ്കില്‍ 2013ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച് കമ്മീഷന്‍ ചെയ്തത്.
കൊച്ചിയില്‍ നിന്ന് കായംകുളം വരെ ചെയ്ത മാതൃകയില്‍ മംഗലാപുരത്തേക്കുള്ള പൈപ്പ് ലൈന്‍ കടലിലൂടെ സ്ഥാപിക്കണമെന്ന ആവശ്യം ചര്‍ച്ചക്ക് പോലും വിധേയമാക്കാന്‍ കേരളം ഭരിച്ച ഇരുമുന്നണികളും തയ്യാറായില്ല. 1962 ലെ പി എം പി ആക്ടിലെ സെക്ഷന്‍ 7/A, B, C വകുപ്പുകളില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ടാണ്  കൊച്ചി മംഗലാപുരം വാതക ലൈന്‍ സ്ഥാപിക്കുന്നത്. അതിനെ കുറിച്ച് ബി.ജെ.പിയടക്കമുള്ള  പ്രമുഖ പാര്‍ട്ടികളെല്ലാം മൗനം പാലിക്കുകയാണ്. ജനവാസ മേഖലകളിലൂടെ വാതക കുഴല്‍ സ്ഥാപിക്കരുതെന്ന് മാത്രമല്ല, ജനങ്ങള്‍ ആരാധനക്കോ ഉല്‍സവത്തിനോ മറ്റോ കൂടിച്ചേരുന്ന സ്ഥലങ്ങളും ഒഴിവാക്കണമെന്ന് പി എം പി ആക്ടില്‍ കൃത്യമായി പറയുന്നുണ്ട്.
സുരക്ഷാ ഭീഷണികളെ മറച്ചുവെച്ച് ഗെയ്‌ലിനോടുള്ള എതിര്‍പ്പ് കേവലം ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്‌നമാക്കി മാറ്റുന്ന തന്ത്രമാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പയറ്റിയത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ആധാര വിലയുടെ 30 ശതമാനം നല്‍കുമെന്ന് പ്രഖ്യാപിച്ചും സംസ്ഥാന സര്‍ക്കാരിന് നടപ്പാക്കാന്‍ അധികാരമില്ലാത്ത കാര്യങ്ങള്‍ പോലും വാഗ്ദാനം ചെയ്തും പ്രതിഷേധങ്ങളുടെ മുനയൊടിക്കാന്‍ പിണറായി വിജയന്‍ നേരിട്ട് നേതൃത്വം നല്‍കി. എതിര്‍ക്കുന്നവരെ വികസനവിരോധികളും തീവ്രവാദികളുമായി മുദ്ര കുത്തി.
രാജ്യത്ത് ഗെയ്ല്‍ സ്ഥാപിച്ച വാതക പൈപ്പ് ലൈനുകളില്‍ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് വിശാഖപട്ടണത്ത് 2014 ജൂണ്‍ 27 നുണ്ടായ പൊട്ടിത്തെറി. ജനവാസ മേഖലയല്ലാതിരുന്നിട്ട് പോലും അതില്‍ 19 പേര്‍ വെന്ത് മരിക്കുകയുണ്ടായി.
'അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനിയേര്‍സ്' ന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പൈപ്പിടുന്നതെന്ന് ഗെയ്ല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും കാണാനായില്ലെന്നാണ് ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് (2017 നവംബര്‍ 9). ഓയില്‍ ഇന്റസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റ് (OlSD) സ്റ്റാന്‍ഡാര്‍ഡ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഹൈക്കോടതി കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. അതിലും ഗെയ്‌ലിനെതിരായ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ നല്‍കിയത്.  2015-16 വര്‍ഷത്തെ CAG റിപ്പോര്‍ട്ടില്‍ ഗെയ്ല്‍ വരുത്തിയ നിരവധി സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വാതക നീക്കം ആരംഭിച്ച പൈപ്പ് ലൈനുകളില്‍ നടത്തേണ്ട ഇന്റലിജന്റ് പിഗ്ഗിംഗ് സര്‍വ്വേ (IPS) രാജ്യത്തെ 66 പൈപ്പ് ലൈനുകളില്‍ ഒരു വര്‍ഷം മുതല്‍ 17 വര്‍ഷം വരെ കാലതാമസം വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു (Page 5)
ഗെയ്ല്‍ മുതലാളിമാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ മുതലാളിത്ത വികസന സങ്കല്‍പ്പങ്ങള്‍ക്ക് ഓശാന പാടികൊണ്ട് മുഴുവന്‍ നിയമവ്യവസ്ഥകളും കാറ്റില്‍പ്പറത്തി കൊണ്ട് ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ തന്നെ കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കുകയാണ്. ഇതോടെ വാതക ബോംബിനരികെ എന്നെന്നും ഭീതിയോടെ കിടന്നുറങ്ങാന്‍ മലബാറിലെ ലക്ഷക്കണക്കിനാളുകള്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. പണത്തിനും സ്വാധീനത്തിനും കീഴടങ്ങി ഒരേസമയം വേട്ടക്കാരന്റെയും ഇരകളുടെയും പക്ഷം നില്‍ക്കുന്ന കപട രാഷ്ട്രീയക്കളി തുറന്നുകാണിക്കാന്‍ എസ്.ഡി.പി.ഐ ബാധ്യസ്ഥമാണ്.
ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ജനവഞ്ചന തുറന്നുകാണിച്ചുകൊണ്ട് എസ്.ഡി.പി.ഐ 2018 ഏപ്രില്‍ 10 മുതല്‍ 30 വരെ പ്രചരണ പരിപാടിക്ക് രൂപം കൊടുത്തിരിക്കുകയാണ്. ഗെയ്ല്‍ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും വാഹനപ്രചരണവും നടത്തും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും ഓഫീസുകളിലേക്ക് ജനകീയ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോക്ഷ പരിപാടികളും സംഘടിപ്പിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;

പി.അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്)
ജലീല്‍ നീലാമ്പ്ര   (ജില്ലാ പ്രസിഡന്റ്, മലപ്പുറം)
നെജീബ് അത്തോളി (ജില്ലാ ജനറല്‍ സെക്രട്ടറി, കോഴിക്കോട്)
കൃഷ്ണന്‍ എരഞ്ഞിക്കല്‍     (ജില്ലാ സെക്രട്ടറി, മലപ്പുറം)