ഭരണഘടനയെ തകര്‍ക്കാനുള്ള നിഗൂഢ ശ്രമം തിരിച്ചറിയുക: എം കെ മനോജ് കുമാര്‍
SDPI
14 ഏപ്രില് 2018
പാലക്കാട് : വര്‍ത്തമാനകാല ഇന്ത്യയില്‍ സാമൂഹിക ജനാധിപത്യമെന്ന അബേദ്ക്കര്‍ ആശയത്തിനാണ് പ്രസക്തിയെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ് കുമാര്‍. നിരോധനങ്ങളുടെ കാലത്തെ അംബേദ്ക്കറുടെ ഇന്ത്യ' എന്ന പ്രമേയത്തില്‍ എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി പാലക്കാട് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ അട്ടിമറിക്കാനുള്ള കുത്സിതശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരോധനങ്ങള്‍ ഇന്ന് ഒരു വാര്‍ത്തയല്ലാതായികൊണ്ടിരിക്കുന്നു. അംബേദ്ക്കര്‍ ഉയര്‍ത്തിവിട്ട ചിന്തകളെ മണ്ണിട്ടു മൂടുന്ന തിരക്കിലാണ് സംഘപരിവാര്‍ ഭരണകൂടം. പിഞ്ചു കുഞ്ഞുങ്ങള്‍ പോലും നിര്‍ദാക്ഷ്യം ഇരയാക്കപ്പെടുന്ന സമകാലിക ഇന്ത്യയില്‍ സാമൂഹിക ജനാധിപത്യത്തിന്റെ വക്താക്കളാകാന്‍ മതേതര ജനാധിപത്യ സമൂഹം തയ്യാറാവണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്‍ സി എച് ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍ക്കുട്ടി, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന കോഡിനേറ്റര്‍ വി ആര്‍ അനൂപ്, ഏലംകുളം മാതൃകുലം ധര്‍മ്മരക്ഷാ ശ്രമം ആര്യന്‍ മഹാ ചണ്ഡാള ബാബ, എസ് ഡി പി ഐ സംസ്ഥാന ഉപാധ്യക്ഷന്‍ തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, സക്കീര്‍ ഹുസൈന്‍, അഷ്‌റഫ് കെ പി, ഷൗക്കത്ത് കാരക്കൂത്ത്, എ വൈ കുഞ്ഞിമുഹമ്മദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.