SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR Conf_ഹിന്ദുത്വ ഭീകരതക്കെതിരെ ജനങ്ങളുടെ ഉണര്‍വ്വ് സ്വാഗതാര്‍ഹം: ഏപ്രില്‍ 19 ന് വ്യാഴാഴ്ച കോഴിക്കോട് വന്‍ പ്രതിഷേധറാലി
SDPI
17 ഏപ്രില് 2018

കോഴിക്കോട്: കത്ത്‌വ സംഭവത്തോടെ ഉച്ചസ്ഥായിയിലായ ആര്‍.എസ്.എസ്, ബി.ജെ.പി ഭീകരതക്കെതിരെ രാജ്യമെങ്ങും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഏപ്രില്‍ 19 ന് വ്യാഴാഴ്ച കോഴിക്കോട്ട് വന്‍ റാലിയും സമ്മേളനവും സംഘടിപ്പിക്കും.
മോദിയുടെ ഭരണത്തില്‍ രാജ്യത്ത് ഫാഷിസ്റ്റുകള്‍ ഭീകര താണ്ഡവമാടുകയാണ്. പശുവിന്റെ പേരില്‍  മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ ക്രൂരമായ ആക്രമണങ്ങളില്‍ തുടങ്ങിയ ഫാഷിസ്റ്റ് ഭീകരത കത്ത്‌വ സംഭവത്തോടെ പൈശാചികതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ഏതാനും മുസ്‌ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാന്‍  നിഷ്‌കളങ്കയായ ഒരു എട്ട് വയസ്സുകാരിയെ ദിവസങ്ങളോളം കൂട്ട ബലാല്‍സംഘത്തിന് വിധേയമാക്കിയ ശേഷം തലക്കടിച്ച് കൊന്നവരുടെ മനസ്സിന്റെ ക്രൂരത ഊഹിക്കാവുന്നതിലപ്പുറമാണ്. ചില വ്യക്തികളുടെ നൈമിഷിക വികാരത്തിന്റെയോ ക്രിമിനലിസത്തിന്റെയോ പ്രതിഫലനമല്ല ഇത്തരം സംഭവങ്ങള്‍. ആര്‍.എസ്.എസ് ഉത്പാദിപ്പിക്കുന്ന വംശവെറിയുടെ ഗൗരവത്തെയാണിത് ചൂണ്ടിക്കാണിക്കുന്നത്.
ഹരിയാനയില്‍ രണ്ട് ദലിത് കുട്ടികളെ വീട്ടിനുള്ളില്‍ തീയ്യിട്ട് കൊന്നതും സംഘ്പരിവാര്‍ സംഘടനകള്‍ അണികള്‍ക്ക് നല്‍കുന്ന വംശവെറി വിദ്യാഭ്യാസത്തിന്റെ ഫലമാണ്. ഇന്ത്യയില്‍ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരതകളില്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്.
ഭീഷണിയുടെ ഫലമായി പരാതി നല്‍കാത്തതും തെളിവ് നശിപ്പിക്കപ്പെട്ടതുമായ സംഭവങ്ങള്‍ നിരവധിയാണ്. ഭരണസ്വാധീനത്തിലും കായിക ബലം കാണിച്ചും കേസുകള്‍ തേച്ച് മായ്ച്ച് കളയാമെന്ന് അവര്‍ കണക്കു കൂട്ടുന്നു. ഉന്നാവോയില്‍ പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ബി.ജെ.പി എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് ജയിലില്‍ കൊല്ലപ്പെടുന്നത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവത്തിന് പിറകെ ജഡ്ജി രാജിവെച്ചതിന് കാരണം ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി മനസ്സാക്ഷിക്ക് വിരുദ്ധമായി വിധി പറയേണ്ടി വന്നതിലുള്ള കുറ്റബോധമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കത്ത്‌വ പെണ്‍കുട്ടിയുടെ കുടുംബവും കേസേറ്റെടുത്ത വക്കീലും ജീവന് ഭീഷണിയുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭീകരത ജന സുരക്ഷക്കും നിയമവാഴ്ചക്കും എത്രത്തോളം ഭീഷണിയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. ഈ ഭീഷണിക്കെതിരെ രാജ്യസ്‌നേഹികളെ മുഴുവന്‍ അണിനിരത്തിയുള്ള പ്രതിഷേധവും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്.
ഒരു പാര്‍ട്ടിയുടെയും നേതൃത്വമില്ലാതെ യുവജനങ്ങള്‍ നടത്തിയ ഹര്‍ത്താല്‍ ഫാഷിസ്റ്റ് ഭീകരതക്കെതിരെ യുവജനങ്ങളുടെ മനസ്സില്‍ നുരഞ്ഞ് പൊന്തുന്ന പ്രതിഷേധാഗ്‌നിയെയാണ് പ്രതിഫലിപ്പിക്കുന്നത്. മത, രാഷ്ട്രീയ ചിന്താഗതികള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യുവജന ക്ലബ്ബുകള്‍ ഏറ്റെടുത്ത ഹര്‍ത്താലിന്റെ വിജയം എസ്.ഡി.പി.ഐക്ക് മുകളില്‍ ചാര്‍ത്തുന്നവര്‍ ബി.ജെ.പിക്കെതിരെ ഉയര്‍ന്ന പൊതുവികാരത്തെ മറച്ചുവെക്കുകയാണ്. ചിലയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഹര്‍ത്താലിന്റെ വിജയത്തില്‍ വിറളി പൂണ്ടവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം.
'പൈശാചികതയാണ് ആര്‍.എസ്.എസ്, ബി.ജെ.പി' ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഏപ്രില്‍ 19 വ്യാഴാഴ്ച കോഴിക്കോട്ട് വന്‍ റാലി സംഘടിപ്പിക്കും. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ അണിനിരക്കുന്ന റാലി വൈകിട്ട് 4 മണിക്ക് അരയിടത്ത് പാലം ബൈപാസ് റോഡില്‍ നിന്നാരംഭിച്ച് മുതലക്കുളത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ;
പി. അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്)
അജ്മല്‍ ഇസ്്മായീല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
കെ.കെ. അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന സെക്രട്ടറിയേറ്റംഗം)
മുസ്തഫ കൊമ്മേരി (കോഴിക്കോട് ജില്ലാ പ്രസിഡന്റ്)