PR Conf_SDPI_പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകള്‍ തിരുത്തണം : എസ്.ഡി.പി.ഐ
SDPI
24 മെയ് 2018
പോലീസ് നയം, സംവരണ നയം ,മദ്യനയം എന്നിവയില്‍ പിണറായി സര്‍ക്കാര്‍ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് പുലര്‍ത്തുന്നത്. യു.ഡി.എഫിന്റെ തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ എല്‍.ഡി.എഫിന് പിന്തുണ നല്‍കിയ കേരള ജനതയെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ നിന്നുണ്ടായത്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നതില്‍ യു.ഡി.എഫിനെ പിന്നിലാക്കിയിരിക്കുകയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമെന്നത് അര്‍ത്ഥമില്ലാത്ത പദപ്രയോഗമായി മാറിക്കഴിഞ്ഞു.
പോലീസ് നയം
എല്ലാം ശരിയാകുമെന്ന വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഭരണത്തിലേറാന്‍ സഹായിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സങ്കടക്കടലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് സമ്മാനിച്ചത്. സംഘ് പരിവാറിനോട് മൃദുസമീപനം പുലര്‍ത്തുകയും മുസ്ലിം, ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി പീഢിപ്പിക്കുകയും ചെയ്തു. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ആര്‍.എസ്.എസ് നേതാക്കളെ നിയന്ത്രിക്കാന്‍ യാതൊരു നടപടിയുമുണ്ടായില്ല.
കത്ത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് നൂറുക്കണക്കിന് യുവാക്കള്‍ക്കെതിരെ അന്യായമായി 153 അ ചുമത്തി. കള്ളക്കേസ് ചുമത്തി യുവാക്കളെ ജയിലിലടക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുന്നത് നിരവധി തവണ ആവര്‍ത്തിച്ചു. മാവോവാദിയെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശി നദീറിന്റെ മേല്‍ ചുമത്തിയ യു.എ.പി.എ കേസ് പിന്‍വലിച്ചത് അടുത്ത ദിവസമാണ്. വരാപ്പുഴ കേസിലും ഇത് പോലെ സംഭവിച്ചു. ശ്രീജിത്തടക്കം പോലീസ് മര്‍ദ്ദനത്തിനും ജയില്‍വാസത്തിനുമിരയായ ഏഴ് പേരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി പിന്നീട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നു.
ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. 24 മാസത്തിനകം 25 കൊലപാതകങ്ങളും ഒമ്പത് കസ്റ്റഡി മരണങ്ങളും സംസ്ഥാനത്തുണ്ടായി. സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും മല്‍സരിച്ച് കൊല നടത്തുകയാണ്. ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പോലീസ് സേനയില്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. മൂന്നാം മുറയും ലോക്കപ്പ് മര്‍ദ്ദനവും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വായടക്കുന്നതിന് മുന്നേ കസ്റ്റഡി മരണങ്ങളുടെ വാര്‍ത്ത പുറത്ത് വരുന്നു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും തുടര്‍ നടപടികളും ആഭ്യന്തര വകുപ്പിന്റെ നിസ്സഹായത വെളിപ്പെടുത്തി. സാക്ഷികളെ സ്വാധീനിച്ച് ശ്രീജിത്തിന്റെ കൊലക്കുത്തരവാദികളായ പോലീസുകാരെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് അറസ്റ്റിലേക്ക് നീങ്ങിയത്. ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജ് നേരിട്ട് നിയന്ത്രിക്കുന്ന ആര്‍.ടി.എഫ് അംഗങ്ങളാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതെന്ന് തെളിഞ്ഞിട്ടും ജോര്‍ജ്ജിനെ സ്ഥലം മാറ്റി സഹായിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. അതിനെ വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകള്‍ തന്നെ ജോര്‍ജ്ജിനോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യം വ്യക്തമാക്കുന്നതായിരുന്നു. ബീമാപള്ളി വെടിവെപ്പടക്കം ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്ക് കുപ്രസിദ്ധനായ എ.വി ജോര്‍ജ്ജിനെ സംരക്ഷിക്കുന്നതില്‍ പിണറായി വിജയന്‍ അതീവ താല്‍പര്യം കാണിക്കുന്നുവെന്ന് വ്യക്തമാണ്
എം.എം അക്ബര്‍ അടക്കമുള്ള ചില മത നേതാക്കള്‍ക്കെതിരെ കേസുകള്‍ പെരുപ്പിച്ച് കാട്ടി നടപടിയെടുത്ത സംസ്ഥാന പോലീസ് അതിനേക്കാള്‍ ഗൗരവമുള്ള കുറ്റങ്ങളില്‍ പോലും ആര്‍.എസ്.എസ് നേതാക്കളോട് മൃദുസമീപനമാണ് പുലര്‍ത്തിയത്. കഴിഞ്ഞ ഏപ്രില്‍ 16ന് കേരളത്തിലുണ്ടായ ഹര്‍ത്താലിനോട് സഹകരിച്ചവര്‍ക്കെതിരെ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വര്‍ഗ്ഗീയ മനോഭാവത്തോടെയാണ് പിണറായി സര്‍ക്കാര്‍ പെരുമാറിയത്. ഓരോ പോലീസ് സ്‌റ്റേഷനിലും ഇരുനൂറ് പേര്‍ക്കെതിരെ വീതം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് ചുമത്തിയവരും അല്ലാത്തവരുമായ നിരവധി യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ട് കൊടുത്തിട്ടില്ല. നുറുക്കണക്കിനാളുകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി.
സംവരണ നയം
സമൂഹ്യനീതിയെ അട്ടിമറിക്കുന്ന നിലപാട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുകയാണ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം സംവരണ സമ്പ്രദായത്തെ തുരങ്കം വെക്കുന്നതാണ്. ഭരണഘടനയുടെ 15/4, 16/4 അനുഛേദനങ്ങളില്‍ ഒരിടത്തും മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ചെയ്തിട്ടില്ല.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ചെയ്ത് ഉത്തരവിറക്കിയതിനോടൊപ്പം 10 ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ മുന്നാക്ക സംവരണം സുപ്രീം കോടതിയുടെ ഒമ്പതാംഗ ബെഞ്ച് റദ്ദ് ചെയ്യുകയുണ്ടായി. ഇതെല്ലാം അവഗണിച്ച് കൊണ്ടാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ബോധ്യമുണ്ടായിട്ടും സാമ്പത്തിക സംവരണത്തിന് പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്.
നിയമ വിരുദ്ധവും, പിന്നാക്ക വിരുദ്ധവുമായ ഈ തീരുമാനം പിന്‍വലിക്കാത്തിടത്തോളം കാലം പിണറായി സര്‍ക്കാരിനെ ജനാധിപത്യത്തിന്റെ സംരക്ഷകരായി കാണാനാവില്ല. ജാതി, സാമുദായിക രാഷ്ട്രീയം പയറ്റുന്ന സി.പി.എം സര്‍ക്കാര്‍ കമ്മ്യൂണിസത്തില്‍ നിന്ന് ഏറെ അകലെയാണ്.
മദ്യ നയം
ത്രീസ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും, സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാം, ഔട്ട്‌ലൈറ്റുകളുടെ എണ്ണം കുറക്കില്ല, വിരുന്ന് സല്‍ക്കാരങ്ങളില്‍ മദ്യം വിളമ്പാം, വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാകും എന്നീ പ്രഖ്യാപനങ്ങള്‍ വഴിയും, മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി) വേണം എന്ന വ്യവസ്ഥയും റദ്ദാക്കിയും ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം മദ്യ ശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ച് ഉത്തരവിറക്കിയും മദ്യമാഫിയകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കുകയമാണ് സര്‍ക്കാര്‍ ചെയ്തത്.
ജന വിരുദ്ധ നയങ്ങള്‍ തിരുത്താന്‍ എല്‍.ഡി.എഫ് സന്നദ്ധമാകണം. വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരോട് കരുണ കാണിക്കാത്ത സര്‍ക്കാരുകള്‍ ജനപക്ഷമല്ല. ജനാധിപത്യ വിരുദ്ധ നിലപാടുകളും പോലീസിന്റെ ഇരട്ടനീതിയും തിരുത്തുവാനും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്‍മാറുവാനും എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;
പി.അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്)
മുസ്തഫ കൊമ്മേരി (സംസ്ഥാന സെക്രട്ടറി)