SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

നരേന്ദ്രമോദി സര്‍ക്കാരിന്റെ 4ാം വാര്‍ഷികം കരിദിനമായി ആചരിക്കും: എസ്.ഡി.പി.ഐ
SDPI
25 മെയ്‌ 2018

കോഴിക്കോട്: ദേശീയ ദുരന്തമായി തീര്‍ന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 26ന് കരിദിനമായി ആചരിക്കാന്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. രാജ്യത്തിന് അഴിമതി മുക്ത അഛാദിന്‍ വാഗ്ദാനം ചെയ്തു അധികാരമേറ്റ സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി രാജ്യത്തെ വഞ്ചിക്കുകയായിരുന്നു. വര്‍ഗ്ഗീയ കലാപങ്ങളും പരമത വിദ്വേഷവും ആളിക്കത്തിച്ച് ഭരണ പരാജയം മറച്ചുവെക്കുകയും അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി കുല്‍സിത ശ്രമങ്ങളില്‍ ഏര്‍പ്പെടുകയുമാണ് ബി.ജെ.പി സര്‍ക്കാര്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം തൊഴില്‍ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കും വിധം തൊഴില്‍ നിയമം പൊളിച്ചെഴുതിയും, മുതലാളിമാരുടെ കോടിക്കണക്കിനു വരുന്ന കടം എഴുതി തള്ളിയും കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അതീവ ജാഗ്രതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. വന്‍കിട മുതലാളിമാര്‍ക്ക്  ബാങ്കുകള്‍ കൊള്ളയടിച്ചു നാടുവിടാന്‍ സൗകര്യം ചെയ്ത സര്‍ക്കാര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിധത്തില്‍ കടക്കെണിയില്‍ കുടുക്കുകയാണ് ചെയ്യുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ കന്നുകാലി വില്‍പ്പന നിയമം കൊണ്ടുവരികയും ഗോ സുരക്ഷയുടെ പേരില്‍ സംഘ്പരിവാര ഗുണ്ടകള്‍ക്ക് ആരെയും തെരുവില്‍ തല്ലി കൊല്ലാനും കെട്ടിത്തൂക്കാനുമുള്ള മൗനാനുവാദം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ദുരന്തം രാജ്യം ഇന്നും നേരിട്ടു കൊണ്ടിരിക്കുകയാണ്. ജി.എസ്.ടി അശാസ്ത്രീയമായി നടപ്പിലാക്കിയതിന്റെ തിക്ത ഫലങ്ങള്‍ സാമ്പത്തിക മേഖല നേരിടുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടനാ സംവിധാനങ്ങള്‍ മുഴുവനായും നോക്കുകുത്തിയാക്കി നിര്‍ത്തി തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം രാജ്യമൊട്ടുക്കും നടപ്പില്‍ വരുത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് നിയമ വ്യവസ്ഥയുടെ സുതാര്യതയ്ക്കു വേണ്ടി പത്രസമ്മേളനം നടത്തേണ്ടി വന്നത് നരേന്ദ്രമോദി അധികാരം വാഴുമ്പോഴാണ്. പൊതുമേഖല സ്ഥാപനങ്ങളും ചരിത്ര സ്മാരകങ്ങളും കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചെങ്കോട്ടയുടെ അധികാരം ഡാല്‍മിയ ഗ്രൂപ്പിനു കൈമാറിയത്.
ഭരണ പരാജയത്തിന്റെ നിദര്‍ശനമാണ് പെട്രോള്‍ വിലവര്‍ധനയെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് വിലവര്‍ധനവിനുള്ള പൂര്‍ണ്ണാധികാരം നല്‍കിയതിലൂടെ രാജ്യം ഇന്നുവരേ കണ്ടിട്ടില്ലാത്ത വിധം പെട്രോളിയം ഡീസല്‍ വിലവര്‍ധന എത്തിനില്‍ക്കുന്നു. അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുകയും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതിന്റെ പേരില്‍ ഉല്‍പ്പന്നങ്ങള്‍ നടു റോഡില്‍ തള്ളുന്ന ഗതികേടിന്റെയും വിധി വൈപരിത്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
രാജ്യത്തിന്റെ സര്‍വ്വ മേഖലകളും തകര്‍ത്തു മുന്നേറുന്ന ബി.ജെ.പി സര്‍ക്കാര്‍ കള്ളപ്പണത്തിന്റെ പിന്‍ബലത്തില്‍ ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ മെയ് 26 കരിദിനമായി ആചരിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്യുന്നു.
പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍ ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ സെക്രട്ടറിമാരായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍. സിയാദ് സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ.ഉസ്മാന്‍, പി.പി മൊയ്തീന്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.