SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുന്ന മുഖ്യമന്ത്രി കേരളത്തിനപമാനം: എസ്.ഡി.പി.ഐ നിയമസഭാ മാര്‍ച്ച് ഇന്ന്
SDPI
07 ജൂണ്‍ 2018

തിരുവനന്തപുരം: പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് പ്രതിഷേധങ്ങളെ ഇല്ലാതാക്കാനും അപഹസിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ ഇന്ന് (ജൂണ്‍ 08 വെള്ളി) നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
വാഹനം അപകടത്തില്‍ പെട്ടതുതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ ആലുവ എടത്തലയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ പ്രതിഷേധിച്ചവരെയാണ് മുഖ്യമന്ത്രി തീവ്രവാദികളായി ആക്ഷേപിച്ചത്. നിലവില്‍ സസ്‌പെന്‍ഷനിലിരിക്കുന്ന എ.എസ്.ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് യുവാവിനെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടു പോയത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെ മറികടക്കാന്‍ പോലീസിന്റെ അക്രമങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇത് പോലീസുകാര്‍ക്ക് തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ള പ്രേരണയായി മാറും. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവിനെ പരിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച ആലുവ ഗവണ്‍മെന്റ് താലൂക്കാശുപത്രിയിലെ ഡോ.പ്രദീപിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പോലീസിന്റെ ഭാഗത്ത് നിന്ന് നിരന്തരമായി സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളെ ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കുന്ന മുഖ്യമന്ത്രി അക്രമികളായ പോലീസുകാരെ സംരക്ഷിക്കുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കും തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടാവുക എന്നത് ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമാണ്. ഇത്തരം പ്രതിഷേധങ്ങളെ തീവ്രവാദം ആരോപിച്ച് ഇല്ലായ്മ ചെയ്യാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിയേറ്റംഗങ്ങളായ പി.പി. മൊയ്തീന്‍കുഞ്ഞ്, പി.കെ ഉസ്മാന്‍, ഇ.എസ് ഖാജാഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.