പച്ചക്കള്ളം പുലമ്പുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: അജ്മല്‍ ഇസ്മാഈല്‍
SDPI
08 ജൂണ്‍ 2018
തിരുവനന്തപുരം : പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നിയമസഭയില്‍ പോലും പച്ചക്കള്ളം പുലമ്പുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍. ആലുവ എടത്തലയില്‍ ഉസ്മാനെന്ന യുവാവിനെ നടു റോഡിലിട്ട് മര്‍ദ്ദിച്ച് അവശനാക്കിയ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാരെയും സാമൂഹ്യ പ്രവര്‍ത്തകരേയും തീവ്രവാദിയെന്ന് വിളിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ സസ്‌പെന്‍ഷനിലിരിക്കുന്ന എ.എസ്.ഐ ഇന്ദുചൂഡന്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് യുവാവിനെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടു പോയത്. ഈ സംഭവത്തില്‍ നിന്നും മനസിലാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. ഇതിനെ മറികടക്കാന്‍ പോലീസിന്റെ അക്രമങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇത് പോലീസുകാര്‍ക്ക് തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ള പ്രേരണയായി മാറും. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവിനെ പരിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച ആലുവ ഗവണ്‍മെന്റ് താലൂക്കാശുപത്രിയിലെ ഡോ.പ്രദീപിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കുറ്റക്കാരായ പോലിസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം. ഇതിന് ശ്രമിക്കാതെ പോലീസിന്റെ ഭാഗത്ത് നിന്ന് നിരന്തരമായി സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളെ ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കുന്നതിനാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് അക്രമികളായ പോലീസുകാരെ സംരക്ഷിക്കുന്നതിനാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കും തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടാവുക എന്നത് ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമാണ്. ഇത്തരം പ്രതിഷേധങ്ങളെ തീവ്രവാദം ആരോപിച്ച് ഇല്ലായ്മ ചെയ്യാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി സംസാരിച്ചു. ജി.പി.ഒ ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് വൈസ് പ്രസിഡന്റ് വേലുശേരി സലാം, സെക്രട്ടറിമാരായ ഷെബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര നേതൃത്വം നല്‍കി.
മാര്‍ച്ച് നിയമസഭാ പരിസരത്ത് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി ഉപയോഗിച്ചു.