ലീഗ് അഴിമതിക്കാര്‍ക്ക് കുട പിടിക്കുന്നു: എസ്.ഡി.പി.ഐ
SDPI
11 ജൂണ്‍ 2018
കോഴിക്കോട് : കെ.എം മാണിക്ക് യു.ഡി.എഫില്‍ തിരിച്ച് കയറാനും രാജ്യസഭാ സീറ്റ് തരപ്പെടുത്തി കൊടുക്കാനും വേണ്ടി ബ്രോക്കര്‍ പണിയെടുത്ത കുഞ്ഞാലിക്കുട്ടിയും ലീഗും അഴിമതിക്കാര്‍ക്ക് കുട പിടിക്കുന്നവരായി അധ:പതിച്ചുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. ബിജെപിക്കെതിരെ മതേതര ചേരിക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന് വാദിക്കുന്ന ലീഗ് നേതാക്കള്‍ തന്നെ കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കി മാണിയുടെ കൈ പിടിക്കുന്നതില്‍ ദുരൂഹതയുണ്ട്. ബാര്‍ കോഴ കേസില്‍ നിന്ന് തടിയൂരിയത് കൊണ്ട് മാത്രം മാണി പരമശുദ്ധനാണെന്ന് കേരളത്തിലാരും വിശ്വസിക്കുന്നില്ല. പണമെറിഞ്ഞും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും കേസുകള്‍ അട്ടിമറിച്ചാണ് പല നേതാക്കളും ജനപ്രതിനിധികളുടെ വേഷമിട്ട് ജീവിക്കുന്നത്. രാഷ്ട്രീയത്തില്‍ ഗുരുതരമായ മൂല്യശോഷണത്തിനാണ് യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിനും ബി.ജെ.പിയുടെ വളര്‍ച്ചക്കും വളം നല്‍കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് മുസ്തഫ കൊമ്മേരി പ്രസ്താവനയില്‍ പറഞ്ഞു.