വാരാപ്പുഴ കസ്റ്റഡി മരണം എ.വി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുക. ജൂണ്‍ 27 ന് എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് ധര്‍ണ്ണ
SDPI
12 ജൂണ്‍ 2018
തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്നത്തെ ആലുവ റൂറല്‍ എസ്.പി ഏ.വി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 27 ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കാനുള്ള നിയമോപദേശം തേടിയിട്ട് ഒരു മാസത്തോളമായിട്ടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉപദേശം നല്‍കാതെ ഒളച്ചുകളിക്കുന്നത് എ.വി ജോര്‍ജ്ജിനെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമോപദേശം നല്‍കാതിരിക്കാനുള്ള കാരണമെന്താണെന്ന് സര്‍ക്കാരും ഡി.ജി.പിയും കേരള സമൂഹത്തോടു പറയേണ്ടതുണ്ട്. എ.വി ജോര്‍ജ് തനിക്കുമാത്രം നിയന്ത്രണമുള്ള ആര്‍.ടി.എഫ് എന്ന സ്‌പെഷ്യല്‍ ടീമിനെ നിയമ വിരുദ്ധമായി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലും നടപടി അനിവാര്യമാണ്. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ മൂന്നു തവണ ചോദ്യം ചെയ്തതിന്റെയും വ്യക്തമായ തെളിവിന്റെയും അടിസ്ഥാനത്തിലാണ് എ.വി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാനുള്ള നിയമോപദേശം തേടിയിട്ടുള്ളത്. എന്നാല്‍ അന്വഷണത്തെയാകെ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്ക്യൂഷനില്‍ നിന്നുണ്ടാകുന്നത്. എ.വി ജോര്‍ജ്ജിനോടുള്ള സി.പി.എമ്മിന്റെ താല്‍പ്പര്യം മുമ്പും ചര്‍ച്ചയായിട്ടുള്ളതാണ്. പ്രകോപനപരമായി പ്രസംഗിച്ചുവെന്നാരോപിച്ച് അബ്ദുല്‍ നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കാന്‍ തമിഴ്‌നാട് പോലിസിന് കൈമാറുകയും ചെയ്തതിന് നേതൃത്വം നല്‍കിയത് എ.വി ജോര്‍ജ്ജായിരുന്നു. മഅ്ദനിയുടെ അറസ്റ്റിനെ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും രാഷ്ട്രീയ നേട്ടമായി എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ബീമാപ്പള്ളിയിലെ ആറുപേരെ വെടിവെച്ചു കൊന്നതിന് നേതൃത്വം നല്‍കിയതും എ.വി ജോര്‍ജ്ജായിരുന്നു. അനുമതിയില്ലാതെയാണ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് കണ്ടെത്തിയിട്ടും ജോര്‍ജ്ജിനെ സംരക്ഷിക്കുന്ന നിലപാടാണ് അന്നത്തെ സി.പി.എം സര്‍ക്കാര്‍ കൈകൊണ്ടത്. അതേ നിലപാട് തന്നെയാണ് വരാപ്പുഴ സംഭവത്തിലും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനെതിരായ പ്രതിഷേധം വ്യാപകമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണ വന്‍ വിജയമാക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.