ദുരന്ത സ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹം: പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
17 ജൂണ്‍ 2018
കോഴിക്കോട്: കേരളത്തെ നടുക്കിയ കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് നാല് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാത്തതിലും ദുരന്തബാധിതര്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിലും എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ക്ക് വേണ്ടി ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി അഹോരാത്രം അധ്വാനിക്കുമ്പോഴും മുഖ്യമന്ത്രി അങ്ങോട്ട് തിരിഞ്ഞ് നോക്കാത്തത് അപലപനീയമാണ്.
കെജ്രിവാളിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഡല്‍ഹി വരെ പോയ മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തെ വലിയൊരു ദുരന്തത്തെ അവഗണിച്ചതിന് ന്യായീകരണമില്ല .
വീട് പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ട അമ്പെത്തിയെട്ട് കുടുംബങ്ങള്‍ ക്യാമ്പുകളില്‍ തിങ്ങി ജീവിക്കുന്ന അവസ്ഥയാണുള്ളത്. മന്ത്രിമാരുടെയും നേതാക്കളുടെയും മുമ്പില്‍ കാഴ്ചവസ്തുക്കളായി നിര്‍ത്തേണ്ടവരല്ല അവര്‍. ക്യാമ്പിലുള്ള കുടുംബങ്ങള്‍ക്ക് 50000 രൂപ വീതം അടിയന്തിര ധനസഹായം നല്‍കി മാറി താമസിക്കാന്‍ ഓരോ കുടുംബത്തിനും സൗകര്യമൊരുക്കണം. അപകട സാധ്യതയുള്ള എല്ലാ വീട്ടുകാരെയും സര്‍ക്കാര്‍ വക സ്ഥലവും വീടും നല്‍കി പുനരധിവസിപ്പിക്കണമെന്നും അത് വരെ എല്ലാവര്‍ക്കും വാടക വീടും സൗജന്യ റേഷനും അനുവദിക്കണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.
അബ്ദുല്‍ മജീദ് ഫൈസിയോടൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ , സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കണ്ണൂര്‍, ജില്ല മണ്ഡലം നേതാക്കളായ മുസ്തഫ പാലേരി, സലീം കാരാടി, എഞ്ചിനിയര്‍ എം.എ സലീം, റഊഫ് കുറ്റിച്ചിറ, പി ടി അഹമ്മദ്, ഹമീദലി, ആബിദ് പാലക്കുറ്റി, പാപ്പി അബു ബക്കര്‍, സിറാജ് തച്ചപോയില്‍, ടി പി യുസുഫ്. സിദ്ദിഖ് ഈര്‍പ്പോണ തുടങ്ങിയവര്‍ സംഭവസ്ഥലവും പുനരധിവാസ ക്യാമ്പും സന്ദര്‍ശിച്ചു.
എസ്ഡിപിഐ വളണ്ടിയര്‍ സേവനം തുടരുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി അറിയിച്ചു.