പോലീസിലെ അടിമ സംസ്‌കാരം അവസാനിപ്പിക്കുക: എസ്.ഡി.പി.ഐ
SDPI
25 ജൂണ്‍ 2018
കോഴിക്കോട് : കേരളാ പോലിസില്‍ നില നില്‍ക്കുന്ന അടിമ സംസ്‌കാരം അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ആവശ്യപ്പെട്ടു. കൊളോണിയല്‍ കാലത്തുണ്ടായിരുന്ന ദാസ്യ വേല പ്രബുദ്ധ കേരളത്തില്‍ ഇന്നും തുടരുന്നത്് കേരളത്തിന് അപമാനമാണ്. ക്യാമ്പ് ഫോളവേഴ്‌സ് എന്ന പേരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിമ പണയെടുക്കാന്‍ വേണ്ടി പോലിസിനെ നിയോഗിക്കുന്നത് സര്‍ക്കാരിന്റെ അറിവോടെയാണ് എന്നത് വ്യക്തമാണ്. തങ്ങളുടെ ഭരണകാലത്ത് ഉദ്യോഗസ്ഥരെ കൂടെ നിര്‍ത്തുന്നതിന് ഉദ്ദ്യോഗസ്ഥരുടെ കൊള്ളരുതായിമയെ കണ്ടില്ലെന്ന് നടിക്കുന്ന കീഴ് വഴക്കമാണ് സര്‍ക്കാരിനുള്ളത്. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ അക്രമത്തിനിരയായ പോലീസ് ഉദ്യോഗസ്ഥനോടൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാരാകമായ രീതിയില്‍ പരുക്കേല്‍പ്പിച്ചിട്ടും ഉന്നതന്റെ മകളെ ഇതുവരെയും അറസ്റ്റ് ചെയ്യാതിരിക്കുന്നതിലെ സര്‍ക്കാര്‍ താല്‍പ്പര്യം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. തന്റെ മകളുടെ സ്വകാര്യ ആവശ്യത്തിന് പോലിസിനെയും പോലീസ് വാഹനവും ഉപോയോഗിക്കാന്‍ അനുമതി നല്‍കിയ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരേ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാവണം. നൂറു കണക്കിന് പോലിസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ അടിമകളായി പണിയെടുക്കുന്നുണ്ട് എന്നുള്ള കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നാട്ടില്‍ നീതി നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ വീട്ട് ജോലിക്ക് നിയമിച്ചിട്ട് പോലിസ് വകുപ്പില്‍ ആവശ്യത്തിന് അംഗ ബലമില്ലാ എന്ന് പറയുന്നത് വിരോധാഭാസമാണ്. ജീവനക്കാരന് ലഭിക്കേണ്ട മൗലികമായ സ്വാതന്ത്ര്യവും ആത്മാഭിമാനവും തൊഴില്‍പരമായ ഔന്നിത്യ ബോധവും തകര്‍ക്കുന്ന നിയമ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. തട്ടു തട്ടായി തിരിക്കപ്പെട്ട അടിമകളുടെ ഘടനയല്ല പോലീസ് റാങ്കിംഗ്. അടുക്കും ചിട്ടയുമുള്ള നിയമ സംരക്ഷണ സംവിധാന ഘടന മാത്രമാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അധികാര ദുര്‍വ്വിനിയോഗം നടത്തുകയും സേനയുടെ അഭിമാനവും അന്തസും തകര്‍ക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും പോലിസ് ഉദ്യോഗസ്ഥനെ അക്രമിച്ച എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും റോയ് അറക്കല്‍ ആവശ്യപ്പെട്ടു.