കാലവര്‍ഷകെടുതി: എസ്.ഡി.പി.ഐ ഭക്ഷ്യവസ്തുക്കള്‍ വിതരണം ആരംഭിച്ചു
SDPI
22 ജൂലൈ 2018
കോഴിക്കോട്: പ്രളയക്കെടുതിയില്‍ പെട്ട് അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ പോലും ഇല്ലാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് എസ്ഡിപിഐ നടത്തുന്ന ഭക്ഷ്യവിഭവ സമാഹരണം വിജയിപ്പിക്കുവാന്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു. വിവിധ ജില്ലകളില്‍ നിന്നും ശേഖരിച്ച ഭക്ഷണ കിറ്റുകളുടെ ഒന്നാം ഘട്ട വിതരണം ആരംഭിച്ചു.
ഒരാഴ്ചയിലധികമായി വെള്ളക്കെട്ടില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിക്കുന്നതായി മജീദ് ഫൈസി ആരോപിച്ചു.
മൂന്ന് ജില്ലകളില്‍ ആറ് ലക്ഷത്തിലധികം ജനങ്ങള്‍ കടുത്ത ദുരിതത്തിലും ക്ഷാമത്തിലും കഴിയുമ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം ജനപ്രതിനിധികളും നേതാക്കളും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി തിരുവനന്തപുരത്ത് തമ്പടിക്കുന്നത് സര്‍ക്കാര്‍ ജനങ്ങളോടൊപ്പമെന്ന മുദ്രാവാക്യത്തെ അപ്രസക്തമാക്കുന്നു. ആലപ്പുഴക്കാരായ മൂന്ന് മന്ത്രിമാരില്‍ ഒരാള്‍ പോലും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രളയ ദുരിതാശ്വ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ തയ്യാറാകാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കാത്ത നിരവധി പരാതികള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ സഹായം അവരെ അവഹേളിക്കുന്നതിന് തുല്ല്യമാണ്. എല്ലാ പരിപാടികളും മാറ്റി വെച്ച് മുഖ്യമന്ത്രി നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണമെന്ന് മജീദ് ഫൈസി ആവശ്യപ്പെട്ടു.