ഉദയകുമാര്‍ കേസിലെ കോടതിവിധി: പോലീസ് സേനക്കുള്ള താക്കീത്: എസ്.ഡി.പി.ഐ
SDPI
26 ജൂലൈ 2018
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള സിബിഐ കോടതിയുടെ വിധി നിരന്തരമായി കസ്റ്റഡി മര്‍ദ്ദനങ്ങള്‍ ആവര്‍ത്തിക്കുന്ന പോലീസ് സേനക്കുള്ള നീതിപീഢത്തിന്റെ താക്കീതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ അഭിപ്രായപ്പെട്ടു. കാക്കിക്കുള്ളിലെ ക്രൂരന്മാരെ പുറത്താക്കുന്നതിന് പകരം സംരക്ഷിക്കുന്ന നിലപാടാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും സംഭവമുണ്ടാകുമ്പോള്‍ പോലീസിലെ ക്രിമിനലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിനപ്പുറമുള്ള ഒരു നടപടിയും കൈകൊള്ളാത്തതാണ് കസ്റ്റഡി മര്‍ദ്ദനങ്ങളും മരണങ്ങളും ആവര്‍ത്തിക്കുന്നതിന് കാരണം. തിരുവനന്തപുരത്തെ ശ്രീജീവിന്റെയും വരാപ്പുഴയിലെ ശ്രീജിത്തിന്റെയും ഉള്‍പ്പെടെയുള്ള കസ്റ്റഡി മരണത്തിനും മര്‍ദ്ദനത്തിനും ഉത്തരവാദികളായ പോലീസ് സേനയിലെ ഉന്നതന്മാരെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സേനയും സര്‍ക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്. തെറ്റുകാരായ പോലീസുകാരെ സഹായിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തിട്ടും നീതി ലഭിക്കുന്നതുവെരെ പോരാടിയ ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ ഇരയാക്കപ്പെടുന്ന സമൂഹത്തിന് മാതൃകയും പോലീസുകാരാല്‍ കൊല്ലപ്പെട്ടിട്ടുള്ളവരുടെ കുടുംബങ്ങളുടെ നിയമ പോരാട്ടങ്ങള്‍ക്ക് പ്രചോദനവുമാണെന്നും അദ്ധേഹം വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.