സി.പി.എമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം തിരിച്ചറിയുക: പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
27 ജൂലൈ 2018
തിരുവനന്തപുരം: കേരളത്തില്‍ സിപിഎം വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗ്ഗീയ രാഷ്ട്രീയത്തിലേക്ക് വഴിമാറിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. തിരുവനന്തപുരം ജില്ലാ നേതൃസംഗമം പൂന്തുറ പുതുക്കാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കാമ്പസ് കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടുള്ള കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ തര്‍ക്കത്തെ തുടര്‍ന്ന് മഹാരാജാസ് കോളേജിലുണ്ടായ ദാരുണ സംഭവത്തെ വര്‍ഗീയമാക്കി ചീത്രീകരിച്ചത് സിപിഎം ചെയ്ത വലിയൊരു പാതകമാണ്. മുസ്ലിം നേതൃത്വങ്ങളുള്ള ചില സംഘങ്ങള്‍ക്ക് മേല്‍ വര്‍ഗ്ഗീയത സ്ഥാപിച്ചെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപി വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപരീത ഫലമാണുണ്ടാക്കുകയെന്ന് തിരിച്ചറിയണം. ദേശാഭിമാനിയുടെ വരികളാണ് സംഘ് പരിവാര്‍ വര്‍ഗ്ഗീയ പ്രചരണത്തിന് ആയുധമാക്കി കൊണ്ടിരിക്കുന്നത്. മറ്റു ചില പാര്‍ട്ടികളോട് കൂട്ടിക്കെട്ടിയല്ലാതെ ഐഎന്‍എല്ലിനെ മുന്നണിയില്‍ എടുക്കുന്നതിനെ ഭയപ്പെടുന്ന സിപിഎമ്മിന്റെ മതനിരപേക്ഷതാ വാദത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും മജീദ് ഫൈസി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍ ജാതിവാഴുന്ന ഇന്ത്യ എന്ന വിഷയമവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി,സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍, ഫവാസ് നിലമ്പൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബുദീന്‍ മന്നാനി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു .സെക്രട്ടറി ഷബീര്‍ ആസാദ് നന്ദിയും പറഞ്ഞു.