SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: എസ്.ഡി.പി.ഐ
SDPI
14 ഓഗസ്റ്റ്‌ 2018

കോഴിക്കോട് : 38 പേരുടെ മരണത്തിനും 8000 കോടി രൂപയിലധികം നാശനഷ്ടങ്ങളും ഉണ്ടായ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രാഥമികമായി 100 കോടി അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തികച്ചും അപര്യാപ്തവും കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യവുമാണ്.
പ്രളയ ബാധ്യതര്‍ക്ക് അടിയന്തിര സഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഖ്യ നാമമാത്രവും പ്രാഥമിക സാഹചര്യങ്ങള്‍ക്കു പോലും മതിയാകാത്തതുമാണ്. ദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി പോകാതിരിക്കാനും വീടും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ട കൃത്യമായ രേഖകള്‍ ഇല്ലാത്ത ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും സര്‍ക്കാര്‍ വേണ്ട മുന്‍കരുതലുകളെടുക്കണം.
മുന്നൊരുക്കവും മുന്നറിയിപ്പുമില്ലാതെ ബാണസുര ഡാം തുറന്ന് വിട്ടതാണ് വയനാട് ജില്ലയിലെ പടിഞ്ഞാറെ തറ, വെള്ളിമുണ്ട, കോട്ടത്തറ, പനമരം, തരിയോട് പ്രദേശങ്ങളിലെ ദുരന്തത്തിന് മുഖ്യ കാരണമായത് ലാഘവത്തോടും നിരുത്തരവാദിത്വപരമായും പ്രവര്‍ത്തിച്ച ഉദ്ദ്യോഗസ്ഥരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.
കാവലാള്‍ ജാഥ  
ദുരിത ബാധിത പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് പഞ്ചായത്ത് തലങ്ങളില്‍ സ്വാതന്ത്ര്യദിന കാവലാള്‍ ജാഥ സംഘടിപ്പിക്കും. കോഴിക്കോട് ഓഫീസില്‍ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ദേശീയ പതാക ഉയര്‍ത്തും. സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ റോയി അറയ്ക്കല്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, കെ.എസ് ഷാന്‍, മുസ്തഫ കൊമ്മേരി, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, പി.പി മൊയ്തീന്‍കുഞ്ഞ്, ഇ.എസ് ഖാജാ ഹുസൈന്‍, പി.കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.