മഴക്കെടുതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത് സര്‍ക്കാറിന്റെ ജാഗ്രതാ കുറവ്: തുളസീധരന്‍ പള്ളിക്കല്‍
SDPI
30 ഓഗസ്റ്റ് 2018
തിരുവനന്തപുരം : കേരളത്തില്‍ ആഗസ്റ്റ് മാസത്തില്‍ 2000 മില്ലീമീറ്ററിലധികം മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ആഴ്ചകള്‍ക്കു മുമ്പ് മുന്നറിയിപ്പു നല്‍കിയിട്ടും വേണ്ടത്ര ജാഗ്രത പാലിക്കാത്ത സര്‍ക്കാര്‍ നിലപാടാണ് മഴക്കെടുതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
സര്‍ക്കാര്‍ അനാസ്ഥയും സുരക്ഷാ വീഴ്ചയും നിയമസഭാ സമിതി അന്വേഷിക്കുക. അടിയന്തര സഹായം 25000 രൂപയാക്കി വര്‍ധിപ്പിച്ച് ഉടന്‍ വിതരണം ചെയ്യുക. ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടായി കൈകാര്യം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കോഴിക്കോട്, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടാവുകയും കനത്ത മഴമൂലം ഡാമുകളിലെ ജലനിരപ്പ് ക്രമേണെ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ തന്നെ ഡാം തുറന്ന് വിട്ടിരുന്നുവെങ്കില്‍ ആലുവ, ചെങ്ങന്നൂര്‍, റാന്നി തുടങ്ങി മധ്യ കേരളത്തിലെ ദുരന്തത്തിന്റെ ആഘാതം കുറക്കാമായിരുന്നുവെങ്കിലും അത്തരം മുന്‍കരുതല്‍ എടുക്കാന്‍ വൈദ്യുതി വകുപ്പും മുഖ്യമന്ത്രിയും തയ്യാറായില്ല. പകരം ആശങ്ക വേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ടെന്നാണ് വൈദ്യുതി മന്ത്രി പ്രതികരിച്ചത്.
22 ഡാം 52 മണിക്കൂറും 13 ഡാം ഇടവിട്ടുമടക്കം 35 ഡാം തുറന്ന് വിടുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം തിരിച്ചറിഞ്ഞ് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പ്രാഥമിക നടപടികള്‍ പോലും സര്‍ക്കാര്‍ ഭാഗത്തു നിന്നുമുണ്ടായില്ല. കോടിക്കണക്കിന് രൂപ മുടക്കി പത്ര പരസ്യവും വഴിനീളെ കട്ടൗട്ടറുകളും നിരത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ത്ഥിക്കുന്ന മുഖ്യമന്ത്രിക്ക് ദുരിന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വേണ്ടപോലെ സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തനങ്ങളാണ് ദുരന്ത മുഖത്ത് ആശ്വാസകരമായി മാറിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ച് നിയമസഭാ മന്ദിരത്തിന് സമീപം പോലീസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍, പത്തനംതിട്ട ജില്ല പ്രസിഡന്റ് അന്‍സാരി ഏനാത്ത് സംസാരിച്ചു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര, എസ്.ടി.റ്റി.യു ജില്ലാ പ്രസിഡന്റ് ജലീല്‍ കരമന, കൊല്ലം ജില്ലാ സെക്രട്ടറി ഇഖ്ബാല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.