വിശപ്പില്ലാത്ത ഭയമില്ലാത്ത ഇന്ത്യക്കായി ഒരുമയോടെ മുന്നേറാം: എം.കെ ഫൈസി
SDPI
09 സെപ്റ്റംബർ 2018
ന്യൂഡല്‍ഹി: അനുദിനം അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിച്ചു ജനജീവിതം ദുസ്സഹമായി പട്ടിണി മരണങ്ങള്‍ പെരുകുമ്പോള്‍, ആള്‍ക്കൂട്ട തല്ലികൊലകള്‍ തലസ്ഥാന നഗരിയെ പോലും ഭീതിപ്പെടുത്തുമ്പോള്‍ വിശപ്പിലാത്ത ഭയമില്ലാത്ത ഇന്ത്യക്കായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നു എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി. ന്യൂഡല്‍ഹിയില്‍ എസ്.ഡി.പി.ഐ കേരള സംസ്ഥാന കമ്മിറ്റി മലയാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ സൗഹൃദ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും തുല്യനീതിയും ഉറപ്പുവരുത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായ പങ്കുവഹിക്കുവാന്‍ സാധിക്കും. പ്രലോഭനങ്ങളിലും ഭീഷണികളിലും സത്യത്തെ തൃണവല്‍കരിക്കാത്ത മാധ്യമ പ്രവര്‍ത്തകരാണ് നാടിന്റെ നന്മ കാക്കുന്നവര്‍. കേരളത്തിലെ പ്രളയം അന്താരാഷ്ട്ര തലങ്ങളില്‍ പോലും ചര്‍ച്ചയാക്കാന്‍ സാധിച്ചത് മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിനു അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തിപകരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ്് സീതാറാം കൊയ്‌വാള്‍, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷെഫി, അബ്ദുല്‍ മജീദ് മൈസൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ റോയി അറയ്ക്കല്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സെക്രട്ടറിമാരായ കെ.കെ.ജബ്ബാര്‍, കെ.എസ്.ഷാന്‍, മുസ്തഫ കൊമ്മേരി, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആര്‍ കൃഷ്ണന്‍കുട്ടി, ഖാജാ ഹുസൈന്‍, പി.കെ.ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ് തുടങ്ങിയവര്‍ സംബന്ധിച്ചു.