ഹാരിസണ്‍ വിധി: സര്‍ക്കാരിന്റേത് തോറ്റുകൊടുക്കല്‍ നയം: എസ്.ഡി.പി.ഐ
SDPI
17 സെപ്റ്റംബർ 2018
തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന്റെ തോറ്റുകൊടുക്കല്‍ നയം കാരണമാണ് തുടര്‍ച്ചായായ പരാജയം ഏറ്റുവാങ്ങുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ആരോപിച്ചു. ഈ കേസ് മുമ്പ് ഹൈകോടതിയില്‍ വാദം നടക്കുമ്പോള്‍ നന്നായി മുന്നോട്ട് കൊണ്ടുപോയിരുന്ന സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പഌഡര്‍ സുശീല ഭട്ടിനെ പെട്ടെന്ന് മാറ്റി പുതിയ ആളെ നിയമിച്ചുകൊണ്ട് കേസ് മനപ്പൂര്‍വ്വം തോല്‍ക്കുന്നതാണ് കണ്ടത്. ഇതിന്റെ പേരില്‍ വ്യാപക വിമര്‍ശനം ഉണ്ടായപ്പോഴാണ് ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സൂപ്രീംകോടതിയിലും കേസ് കൃത്യമായി വാദിക്കാതെ ഹാരിസണ്‍ കമ്പനിക്കു വേണ്ടി സര്‍ക്കാര്‍ കീഴടങ്ങുകയാണുണ്ടായത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു അപ്പീലിന്റെ ഉദ്ദേശം. ഈ കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നത് ഹാരിസണിന്റെ അഭിഭാഷകനില്‍ നിന്നായിരുന്നോ എന്ന് സംശയമുണ്ട്. സര്‍ക്കാരിന് ജയിക്കാവുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ടായിരുന്നു എന്നിരിക്കെ ഹാരിസണിന് വേണ്ടി ജനങ്ങളോട് അനീതി കാണിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. കേരളത്തിന്റെ 38000 ഏക്കര്‍ ഭൂമി മുതലാളിമാര്‍ക്കും കയ്യേറ്റക്കാര്‍ക്കും പഴുതില്ലാത്തവിധം പതിച്ചു നല്‍കുന്നതിന് തുല്ല്യമാണ് സര്‍ക്കാര്‍ ചെയ്തത്. കേരളം ഭരിക്കുന്നത് കയ്യേറ്റക്കാരെന്റെയും സ്ത്രീ പീഢകരുടെയും സര്‍ക്കാരാണെന്നും ജനപക്ഷ സര്‍ക്കാര്‍ എന്നത് പരസ്യബോഡിലെ തമാശ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.