SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സുപ്രിംകോടതി വിധികള്‍ ആശങ്കാജനകം: എസ്.ഡി.പി.ഐ
SDPI
27 സെപ്റ്റംബർ 2018

കോഴിക്കോട്: കഴിഞ്ഞ ദിവസം സുപ്രീംകോടതി ആധാര്‍ വിഷയത്തിലടക്കം നടത്തിയ മൂന്ന് വിധികളും ആശങ്ക ഉളവാക്കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സ്വകാര്യത സംരക്ഷിക്കാനുള്ള പൗരന്റെ മൗലികവകാശത്തെ ഹനിക്കുന്നതാണ് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആനുകൂല്യങ്ങളുടെ വ്യാപ്തിയുടെ പേരില്‍ പൗരാവകാശത്തെ ചെറുതായി കാണുമ്പോള്‍ തന്നെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്നും തടയുകയാണ് വിധിയിലൂടെ സംഭവിക്കുന്നത്.

വീടുപോലുമില്ലാത്ത ഒരു വിഭാഗം ജനതക്ക് ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഇനി സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നതാണ് വസ്തുത. ധനബില്ലായി ആധാര്‍ നിയമം പാസാക്കിയതിനെ ശരിവെച്ചതിലൂടെ രാജ്യസഭയെ നോക്കുകുത്തിയാക്കി ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ സൃഷ്ടിക്കപ്പെടുന്ന കീഴ്‌വഴക്കം. ആധാര്‍ നിയമം പാസാക്കിയ രീതി ഭരണഘടനയെ വഞ്ചിക്കുന്നതാണെന്ന ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ നിരീക്ഷണം അതാണ് സൂചിപ്പിക്കുന്നത്. പാന്‍കാര്‍ഡുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ ബാങ്ക് അക്കൗണ്ടിന് ആധാര്‍ വേണ്ടെന്ന വിധി അപ്രസക്തമാക്കുകയാണ്. ആധാറിലെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടി പോരാട്ടം തുടരുമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

വിവാഹേതര ബന്ധത്തെ കുറ്റകൃത്യമല്ലാതാക്കുന്ന വിധി കുടുംബത്തിന്റെ തകര്‍ച്ച രാജ്യത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും എത്തിക്കുന്നത്. അത് കൂടാതെ കുടുംബ ഭദ്രതയേയും രാജ്യത്തിന്റെ ധാര്‍മിക രീതികളേയും അപകടപ്പെടുത്തുന്നതാണ്.   മുസ്‌ലിംങ്ങള്‍ക്ക് ആരാധനകള്‍ക്ക് പള്ളികള്‍ ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന ആരാധനാ സ്വതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നുംഅബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മതങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ കേവലം പുണ്യസ്ഥലങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണ്. സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഇല്ലാതാക്കപ്പെടുന്നത് ഒരു ജനതയുടെ നിലനില്‍പ്പിനെയാണ് ബാധിക്കുന്നത്. ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥവകാശത്തെ സംബന്ധിച്ച് സുപ്രീം കോടതി ഇനിയും വിധി പറയാനിരിക്കെ നടത്തിയ പരാമര്‍ശത്തില്‍ ഹമീദ് മാസ്റ്റര്‍ ആശങ്ക രേഖപ്പെടുത്തി.