SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR Conf_ബ്രൂവറികള്‍ അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം : എസ്.ഡി.പി.ഐ
SDPI
02 ഒക്ടോബർ 2018

കോഴിക്കോട് : പ്രളയത്തിന് ശേഷം കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെ നീക്കം ദുരൂഹവും സംശയാസ്പദവുമാണ്. തെരഞ്ഞെടുപ്പ് വേളയില്‍ പ്രമുഖ നടീ നടന്‍മാരെ വെച്ച് മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറക്കുമെന്ന് പ്രചരണം നടത്തി അധികാരത്തിലേറിയവര്‍ ഇപ്പോള്‍ കേരളത്തില്‍ മദ്യമൊഴുക്കാനുള്ള നീക്കം തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നിലവാരമുള്ള മദ്യം സുലഭമാക്കുന്നതിന് വേണ്ടിയാണ് മദ്യ നിര്‍മ്മാണ ശാലകള്‍ അനുവദിക്കുന്നതെന്നാണ് സി.പി.എം വാദം. മദ്യം ഭക്ഷണത്തിന്റെ ഭാഗമായി മാറണമെന്നും പാത്തും പതുങ്ങിയും മദ്യം വാങ്ങുന്ന അവസ്ഥ മാറണമെന്നും വ്യവസായ മന്ത്രി പറയുന്നു. അപേക്ഷിക്കുന്നവരെയെല്ലാം പരിഗണിക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ചായക്കട തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കുന്നതിനോടാണ് മദ്യ നിര്‍മ്മാണശാല തുടങ്ങുന്നതിനെ അദ്ദേഹം ഉപമിച്ചിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ജനങ്ങള്‍ കുടിവെള്ളത്തിന് പകരം മദ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ വരും. ആപല്‍ക്കരമായ ഈ നയത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറണം.
വരള്‍ച്ചാ സാധ്യത പ്രദേശമായ പാലക്കാട് ജില്ലയിലെ എലപ്പള്ളിയില്‍ ദിനം പ്രതി അഞ്ച് ലക്ഷം ഹെക്ടോ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് പിന്‍വലിക്കണമെന്നും ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്നും സ്ഥലം എം.എല്‍.എ കൂടിയായ വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടിരിക്കുന്നു. നിലവില്‍ തന്നെ അഞ്ച് ഡിസ്റ്റിലറികളും ഒരു ബിയര്‍ ഫാക്ടറിയും പതിമൂന്ന് കുപ്പിവെള്ള ഫാക്ടറികളും പാലക്കാട്ടുണ്ട്.
കേരളത്തിലെ വെള്ളമുപയോഗിച്ചുണ്ടാക്കുന്ന ബിയറിന് രുചിയേറെയായതിനാല്‍ വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ഡിമാന്റുണ്ടെന്നാണ് ശ്രീചക്രാ ഡിസ്റ്റിലറീസ് തൃശൂരില്‍ വിദേശമദ്യ നിര്‍മ്മാണ ശാല സ്ഥാപിക്കുന്നതിന് വേണ്ടി നല്‍കിയ  അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രകൃതി വിഭവങ്ങളുടെ ചൂഷണവും അതുണ്ടാക്കുന്ന സാമൂഹികാഘാതവും കൂടി പരിഗണിച്ചാണ് കോമ്പൗണ്ടിംഗ് ,ബെന്റിംഗ്, ബോട്ട്‌ലിങ് യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള 110 അപേക്ഷകള്‍ നിരസിച്ച് കൊണ്ട് 1999 ല്‍ ഒരുത്തരവുണ്ടായത്. പിന്നീട് മാറി വന്ന സര്‍ക്കാരുകളെല്ലാം നയമായി സ്വീകരിച്ച് വന്ന ആ ഉത്തരവ് രഹസ്യമായി തിരുത്തിയതില്‍ ദുരൂഹതയുണ്ട്. 1999 ലെ ഉത്തരവ് അന്നത്തെ അപേക്ഷകള്‍ക്ക് മാത്രം ബാധകമെന്ന വാദം ബാലിശമാണ്. ഒരു ഉത്തരവ് 18 വര്‍ഷം നയമായി സ്വീകരിച്ച് വരികയും അതിന്റെയടിസ്ഥാനത്തില്‍ നിരവധി അപേക്ഷകള്‍ തള്ളിക്കളയുകയും ചെയ്തതിന് ശേഷം പുതിയ അപേക്ഷകള്‍ക്ക് അത് ബാധകമല്ലെന്ന വ്യാഖ്യാനം നാല് പേര്‍ മാത്രമറിഞ്ഞത് എങ്ങിനെയാണ്? ഇപ്പോള്‍ അനുമതി നേടിയ ശ്രീചക്രാ ഡിസ്റ്റിലറീസ് 1999ല്‍ നിഷേധിക്കപ്പെട്ട കമ്പനികളിലുള്‍പ്പെട്ടതാണ്. കൃത്യമായ സ്ഥലവും കെട്ടിടവും ചൂണ്ടിക്കാട്ടാതെയാണ് തൃശൂരില്‍ വിദേശമദ്യ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത്. കൊച്ചി ഇന്‍ഫ്രാ പാര്‍ക്കില്‍ പത്ത് ഏക്കര്‍ ഭൂമി ലഭിച്ചുവെന്ന രേഖ സമ്പാദിച്ചത് വെറും 48 മണിക്കൂര്‍ കൊണ്ടാണ്. ഇത് ലഭിച്ചത് പ്രമുഖ സി.പി.എം നേതാവിന്റെ മകന്‍ പ്രൊജക്ട് മാനേജരായ സ്ഥാപനത്തിനാണെന്നതും അഴിമതിക്കുള്ള സാധ്യതയായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഭരണകക്ഷി നേതാക്കള്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങളും പ്രകോപനപരമായ പ്രസ്താവനകളും സംശയത്തിന്റെ ബലം കൂട്ടുന്നു.
അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ സി.പി.എം ഒട്ടകപക്ഷി നയം സ്വീകരിച്ചിട്ട് കാര്യമില്ല. അഴിമതി ഇല്ലെന്നാണ് വാദമെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുതാര്യമായ അന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാകണം. നാല് കമ്പനികള്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നു.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ;
പി. അബ്ദുല്‍ മജീദ് ഫൈസി    (സംസ്ഥാന പ്രസിഡന്റ്)
കൃഷ്ണന്‍ എരഞ്ഞിക്കല്‍        (സംസ്ഥാന സമിതിയംഗം)